തിരുവനന്തപുരം: പിണറായി വിജയൻ്റെ വസതിയിലെ ഇ.ഡി റെയ്ഡിനെതിരെ സിപിഐഎം നേതാവ് സജി ചെറിയാൻ. പുലർച്ചെയോടെയാണ് 82 വയസുള്ള പിണറായി വിജയൻ്റെ വീട്ടിൽ ഇ.ഡി എത്തുന്നത്. ഈ കേസിൽ പിണറായിക്ക് എന്ത് ബന്ധമാണ് ഉള്ളത്. താനിപ്പോൾ നല്ല മലയാളം സംസാരിക്കുന്നത് കൊണ്ട് മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഇ.ഡി പിണറായി വിജയനെ ഒൻപത് മണിക്കൂറോളം മൂത്രമൊഴിക്കാൻ പോലും വിട്ടില്ല. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തുവെന്നും സജി ചെറിയാൻ ആരോപിച്ചു. എൽഡിഎഫിന് വലിയ പരാജയം നേരിട്ട സമയമാണിത്. അധികാരത്തിന് നിന്ന് പുറത്ത് പോയി.
പരാജയം അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിച്ചത്. ഇതിനിടെയാണ് തെരുവിൽ ഇറങ്ങേണ്ടി വന്നത്. ഇറങ്ങിയതല്ല ഇറക്കിയതാണെന്നും സജി ചെറിയാൻ പറഞ്ഞു. പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡ് നടത്തിയിട്ട് എന്ത് കിട്ടി. ഈ റെയ്‌ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് ഡീലാണ്.
ഈ ഡീലാണ് കേരളത്തിൽ എൽഡിഎഫിനെ ചതിച്ച് തോൽപ്പിച്ചത്. കോൺഗ്രസിനെ ബിജെപി തൊഴുത്തിൽ കെട്ടുകയാണ്. ഇതിൻ്റെ തുടക്കമാണ് ഈ റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാൽ ബിജെപി കോൺഗ്രസിനെ വിൽക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.