KERALA

സംസ്ഥാനത്ത് ഇഡിയുടെ വ്യാപക റെയ്‌ഡ്; സഹകരണ ബാങ്കുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലും പരിശോധന

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎല്‍എ) രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം.

എറണാകുളം ജില്ലയിൽ അങ്കമാലി അർബൻ സഹകരണ ബാങ്കിൽ ഉൾപ്പെടെ നാലു സ്ഥലത്താണ് പരിശോധന നടക്കുന്നത്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഡയറക്ടർ പി.ടി. പോളിന്റെ വസതിയിലും, വിവാദ വ്യവസായി റോയി കുര്യന്റെ വീട്ടിലും പരിശോധന നടക്കുന്നു.

തൃശൂരിൽ അഞ്ചിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലും വിവിധ ശാഖകളിലുമാണ് പരിശോധന നടക്കുന്നത്. ബാങ്ക് മുൻ പ്രസിഡന്റ് റിക്സൺ പ്രിൻസിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. സിപിഐഎം ഭരണത്തിലുണ്ടായിരുന്ന ബാങ്കിൽ 27 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളും നേരത്തെ കണ്ടെത്തിയിരുന്നു. കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേരത്തെ പരാതിയും നൽകിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ബാങ്കുകളിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറരയോടെയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്.

SCROLL FOR NEXT