Source: ANI
KERALA

പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെ ഇഡി റെയ്ഡ്: പിടിച്ചെടുത്തത് ബാങ്ക് രേഖകൾ

നിക്ഷേപങ്ങളും ബാങ്ക് വിവരങ്ങളുമാണ് കണ്ടെത്തിയതെന്നും ഇഡി വ്യക്തമാക്കി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ തിരുവനന്തപുരത്തെ പരിശോധനയിൽ ബാങ്ക് രേഖകൾ കണ്ടെത്തി എന്ന് ഇഡി. നിക്ഷേപങ്ങളും ബാങ്ക് വിവരങ്ങളുമാണ് കണ്ടെത്തിയതെന്നും ഇഡി വ്യക്തമാക്കി. രേഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഇഡി വ്യക്തമാക്കി. എക്സാലോജിക് കേസിൽ പിണറായി വിജയൻ്റെ വീടുകളിൽ ഇഡി നടത്തിയത് എട്ട് മണിക്കൂർ റെയ്ഡാണ്.

കണ്ണൂരിലെ വീട്ടിൽ നിന്ന് ഒന്നും കിട്ടിയില്ല എന്ന് ഇഡി സംഘം എഴുതി കൊടുത്തു. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം.വി. ജയരാജൻ അറിയിച്ചു. വീട്ടുകാർ ഇല്ലാത്തതിനാൽ എം.വി. ജയരാജനാണ് രേഖയിൽ ഒപ്പിട്ട് നൽകിയത്.

അതേസമയം, പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ ഇഡി ഉദ്യോഗസ്ഥർ പരാതി നൽകി. തമ്പാനൂർ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഇഡി ഉദ്യോഗസ്ഥർ പരാതി നൽകിയത്. പരാതി മ്യൂസിയം പൊലീസിന് കൈമാറും. ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ടാക്സി ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാമിനും മറ്റ് മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

SCROLL FOR NEXT