ടി. വീണയ്ക്ക് വീണ്ടും ഇ.ഡിയുടെ സമൻസ് 
KERALA

ടി. വീണയ്ക്ക് വീണ്ടും ഇ.ഡിയുടെ സമൻസ്; ബുധനാഴ്ച ഹാജരാകണമെന്ന് നിർദേശം

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ ഇന്ന് ഹാജരാകാൻ ആവില്ലെന്ന് ഇ.ഡിയെ ധരിപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് വീണ്ടും ഇ.ഡിയുടെ സമൻസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. വീണയോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സമയം നീട്ടി ചോദിച്ചിരുന്നു.

രേഖകൾ അഭിഭാഷകൻ മുഖേന ഹാജരാക്കാമെന്ന് വീണ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇ.ഡി വിസമ്മതിക്കുകയായിരുന്നു. വീണയടക്കം ഒൻപത് പേർക്കാണ് കഴിഞ്ഞദിവസം ഇഡി സമൻസ് അയച്ചത്. സിഎംആർഎല്ലിൻ്റെ ഉടമകളിലൊരാളായ ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരും സമൻസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു.

ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, നികുതി വിവരങ്ങൾ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ, സിഎംആർഎൽ എംഡി എന്നിവരുടെ വീടുകളിലുൾപ്പെടെ 11 ഇടങ്ങളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു.

പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

SCROLL FOR NEXT