തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളിയായ സ്മാർട്ട് ക്രിയേഷൻസിൻ്റെ മറ്റ് ഇടപാടുകളും അന്വേഷിക്കാൻ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ്. ശബരിമലയ്ക്ക് പുറമേ മറ്റു ക്ഷേത്രങ്ങളിലെയും സ്വർണം വേർതിരിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. ചെന്നൈ, ബെംഗളൂരു, ശിവകാശി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ വസ്തുവകകളാണ് സ്മാർട്ട് ക്രിയേഷൻസിലേക്ക് എത്തിച്ചത്. സ്ഥാപനത്തിലെ ഇഡി റെയ്ഡിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
ഇഡി റെയ്ഡിൽ കണക്കിൽപ്പെടാത്ത 100 ഗ്രാം സ്വർണം പിടിച്ചെടുത്തതിന് പിന്നാലെയാണ് സ്മാർട്ട് ക്രിയേഷൻസിൻ്റെ മറ്റ് ഇടപാടുകളും അന്വേഷിക്കാൻ ഇഡി ഒരുങ്ങുന്നത്. ഇത് എവിടുത്തെ സ്വർണം ആണെന്നതിലാണ് ഇഡി അന്വേഷണം. മഹാരാഷ്ട്രയിലെ സംഘത്തിന്റെ സഹായത്തോടെയാണ് സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചതെന്നും കണ്ടെത്തലുണ്ട്. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒന്നരക്കിലോയിലേറെ സ്വർണമെന്നാണ് എസ്ഐടി കണ്ടെത്തൽ. 1998 ൽ രണ്ട് കിലോയോളം സ്വർണം ദ്വാരപാലക പാളികളിൽ പൊതിഞ്ഞിരുന്നു. പോറ്റി തിരികെയെത്തിച്ചപ്പോൾ ഉണ്ടായിരുന്നത് 394.9 ഗ്രാം മാത്രം. ബാക്കി സ്വർണം കൊള്ളയടിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. സ്വർണം പൂശി തിരികെയെത്തിച്ചപ്പോഴുള്ള കണക്കാണ് എസ്ഐടി പുറത്തുവിട്ടിരിക്കുന്നത്. ബാക്കി സ്വർണം കൊള്ളയടിച്ചെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക പാളികളിലെ മാത്രം കണക്കാണിത്. വേർതിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യ കണക്ക്. കട്ടിളപ്പാളിയിലെ സ്വർണം കൂടിയാവുമ്പോൾ നഷ്ടം കൂടുമെന്നും കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.