ജസൽ എന്ന ജീലാനി തങ്ങൾ Source: News Malayalam 24x7
KERALA

എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ മറവിൽ 17കാരിയെ പീഡിപ്പിച്ചു, ശേഷം പെൺകുട്ടിയുടെ മാതാവുമായി ഒളിച്ചോടി; വ്യാജസിദ്ധൻ പിടിയിൽ

കുറ്റകൃത്യത്തിന് ശേഷം കുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിവിൽ പോയ പ്രതിയെ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ മറവിൽ പതിനേഴുകാരിയെ പീഡിപ്പിച്ചു. കുറ്റകൃത്യത്തിന് ശേഷം കുട്ടിയുടെ മാതാവിനെയും കൂട്ടി ഒളിവിൽ പോയ പ്രതിയെ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. എടവണ്ണ സ്വദേശിയായ ജസൽ എന്ന ജീലാനി തങ്ങളെയാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

രോഗശാന്തിയും മന്ത്രവാദ ചികിത്സയും വാഗ്ദാനം ചെയ്താണ് പതിനേഴുകാരിയുടെ മാതാവിനെ വ്യാജസിദ്ധൻ പരിചയപ്പെടുന്നത്. സൗഹൃദം മുതലെടുത്ത് ഇയാൾ എടവണ്ണ കുണ്ടുതോട്ടിലെ വീട്ടിലേക്ക് പതിനേഴുകാരിയെ ചികിത്സയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ചികിത്സയ്ക്കായി കുട്ടിയോടൊപ്പം എത്തിയ മാതാവുമായി ഇയാൾ സൗഹൃദം ഊട്ടി ഉറപ്പിച്ചു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ചേർന്ന് നാടുവിട്ടത്.

പ്രതിയെയും കാണാതായ സ്ത്രീയെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ വലയിലാക്കിയത്. കാസർഗോഡ് മഞ്ചേശ്വരത്തെ കേരള-കർണാടക അതിർത്തി പ്രദേശമായ ആനക്കല്ലിലെ ഉൾപ്രദേശത്ത് പ്രതിയും സ്ത്രീയും ഒളിവിൽ കഴിയുന്നതായി പൊലീസിന് കൃത്യമായ സൂചന ലഭിച്ചു. എടവണ്ണ പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലും രണ്ട് അടിപിടി കേസുകളിലും ജസൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

SCROLL FOR NEXT