KERALA

വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം! വാസ്കുലൈറ്റിസ് രോഗം ബാധിച്ച വിദ്യാർഥിക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ വഴിയൊരുക്കി വിദ്യാഭ്യാസ വകുപ്പ്

സിയ ഫാത്തിമയുടെ പരാതി പരിഗണിച്ചാണ് തീരുമാനം

Author : ലിൻ്റു ഗീത

തിരുവനന്തപുരം: വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വീഡിയോ കോൺഫറൻസ് വഴി കലോത്സവത്തിൽ മത്സരിക്കാനായുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്. സിയ ഫാത്തിമയുടെ പരാതി പരിഗണിച്ചാണ് തീരുമാനം. കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് സിയ. നാളെ രാവിലെ 11 മണിക്ക് വേദി 17ലാണ് മത്സരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി. ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് മത്സരത്തിന് വഴിയൊരുങ്ങുന്നു.

കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ (VKPKHMMRVHSS) മിടുക്കരായ വിദ്യാർത്ഥികളിലൊരാളായ സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെടുകയുണ്ടായി. 'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ വലിയ ആഗ്രഹം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ, തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ, ആ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണ്.

നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെ. പ്രിയപ്പെട്ട സിയയ്ക്ക് എല്ലാവിധ വിജയാശംസകളും വേഗത്തിലുള്ള രോഗശമനവും നേരുന്നു.

SCROLL FOR NEXT