KERALA

''ബെഞ്ചുകളും ഡെസ്കുകളും ഒഴിവാക്കും, വിഷയത്തിനനുസരിച്ച് ഇരിപ്പിട ക്രമീകരണം''; ക്ലാസ് മുറികളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ബാക്ക് ബെഞ്ചർമാരെ ഇല്ലാതാക്കുകയെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആശയമാണ് പുത്തൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്

Author : ലിൻ്റു ഗീത

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ സമഗ്ര മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ‌ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളാണ് എസ്‌സിഇആർടി തയ്യാറാക്കിയ പഠന റിപ്പോർട്ടിലുള്ളത്. നിർദേശങ്ങളടങ്ങിയ മാർരേഖയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ബാക്ക് ബെഞ്ചർമാരെ ഇല്ലാതാക്കുകയെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ ആശയമാണ് പുത്തൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത്.

സംസ്ഥാനത്ത് 20 വിദ്യാർഥികൾ വരെയുള്ള ക്ലാസുകളിൽ യു ആകൃതിയിലോ അർധവ്യത്താകൃതിയിലോ ഇരിപ്പിടങ്ങൾ ക്രമീകരിക്കാം. പരമ്പരാഗത ബെഞ്ചുകളും ഡെസ്കുകളും ഒഴിവാക്കി ഭാരം കുറഞ്ഞ‍ മേശകളും കസേരകളും ഉപയോഗിക്കണം. വിഷയത്തിനനുസരിച്ച് ക്ലാസ് ക്രമീകരണത്തിൽ മാറ്റം വരുത്താൻ ഇത് സഹായിക്കും. ശാസ്ത്ര വിഷയങ്ങൾക്ക് നാല് മുതൽ ആറ് പേരുള്ള ഗ്രൂപ്പ് ടേബിളുകൾ, ഭാഷാ, ഡിജിറ്റൽ, ശ്രവണ, സംസാര ക്ലാസുകൾക്ക് യു ആകൃതിയിലുള്ള ക്രമീകരണം, സാമൂഹ്യശാസ്ത്ര പഠനത്തിനായി വൃത്താകൃതി എന്നിങ്ങനെയാണ് വിഷയാധിഷ്ഠിതമായ ക്രമീകരണം.

ക്ലാസ് തലത്തിലും ഇരിപ്പിട ക്രമീകരണത്തിൽ മാറ്റങ്ങളുണ്ട്. പ്രീപ്രെെമറി, പ്രെെമറി തലത്തിൽ യു ആകൃതി. പ്രെെമറിയിൽ പെയർ ഷെയറിങ്, അപ്പർ പ്രെെമറിയിൽ സ്റ്റേഡിയം സീറ്റിങ്ങും കോമ്പിനേഷൻ ലേഔട്ട് ക്രമീകരണവും. സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലേക്ക് വരുമ്പോൾ വൃത്താകൃതിയിലുള്ളതോ അർധവൃത്താകൃതിയിലുള്ളതോ ആയ ക്രമീകരണം. 30ൽ താഴെ വിദ്യാർഥികളുള്ള ക്ലാസ് മുറികൾക്ക് ഇരട്ട യു ആകൃതിയിലുള്ള ഇരിപ്പിട ക്രമീകരണം അനുയോജ്യം. ക്ലാസ് മുറികളിൽ ലോക്കർ സംവിധാനം വേണം. പരമ്പരാഗത ഡെസ്ക്കുകൾക്ക് പുറമേ ബീൻ ബാഗുകൾ, ഫ്ലോർ കുഷ്യനുകൾ, സ്റ്റൂളുകൾ, ഉയരം ക്രമീകരിക്കാൻ കഴിയുന്ന കസേരകൾ തുടങ്ങിയ വിവിധ തരം ഇരിപ്പിട ഓപ്ഷനുകൾ പരിഗണിക്കാമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

ഇരിപ്പിട ക്രമീകരണത്തിനൊപ്പം സ്കൂൾ കെട്ടിടങ്ങളുടെ രൂപ കല്പനയിലും മാറ്റം ആവശ്യപ്പെടുന്നു. ഒരു വിദ്യാർത്ഥിക്ക് 10 ചതുരശ്രയടിയിൽ കുറയാത്ത സ്ഥലം ക്ലാസ് മുറിയിൽ ഉറപ്പാക്കണം. 65 കുട്ടികളെ ഉൾക്കൊള്ളുന്ന ക്ലാസുകളിൽ ഇത് 1.2 ചതുരശ്രമീറ്റർ വേണം. സ്ഥിരമായ ചതുര രൂപത്തിൽ നിന്ന് ക്ലാസ് മുറികൾ മാറ്റണം. ചക്രങ്ങളുള്ള കസേരകളും മേശകളും ഉപയോഗിക്കുന്നതും പരിഗണിക്കാം. പരമാവധി സൂര്യപ്രകാശം മുറികളിലേക്ക് എത്തണം. സ്കൂൾ ഗ്രൗണ്ടുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ക്ലാസ് ചലനാത്മകമാക്കണം. സ്ഥലപരിമിതിയുള്ള സ്കൂളുകളിൽ ഭിത്തിയിലേക്ക് മടക്കിവെക്കാവുന്ന മേശകൾ, സംഭരണ സൗകര്യമുള്ള ഇരിപ്പിടങ്ങൾ തുടങ്ങിയ നൂതന മാർഗങ്ങൾ പരിഗണിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ പുതിയ ക്രമീകരണങ്ങൾ സഹായിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. കരട് റിപ്പോർട്ടിന്മേൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഈ മാസം 30 വരെ സമയമുണ്ട്.

SCROLL FOR NEXT