വിദ്യാലയം Source: News Malayalam 24x7
KERALA

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ക്ലർക്കിൻ്റെ ജോലികൾ കൂടി ചെയ്യണം; ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാർ ക്ലാർക്കിൻ്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നാണ് വിശദീകരണം. ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ പറയുന്നു.

ഉത്തരവിൻ്റെ പ്രസക്തഭാഗങ്ങൾ

ക്ലർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകൾ ആവശ്യപ്പെട്ട് എറണാകുളം വളയൻ ചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ നൽകിയ അപേക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിചിത്ര ഉത്തരവ്. ഹയർ സെക്കഡറി വിഭാഗത്തിൽ മുഴുവൻ സമയ ക്ലർക്കിന് ചെയ്യേണ്ട ജോലികൾ ഒന്നുമില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ ജോലി കൂടി ചെയ്യേണ്ടതിനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പിരിയഡായി ചുരുക്കി നിശ്ചയിച്ചിട്ടുള്ളതെന്നും ഉത്തരവിലുണ്ട്.

ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറിലധികം ജോലി ഭാരമില്ല. നിലവിൽ ഹയർസെക്കണ്ടറി മേഖലയിൽ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്യാവശ്യം ഇല്ലാത്ത തസ്തികകൾ അനുവദിക്കാനാകില്ല. ഏതെങ്കിലും ഒരു സ്കൂളിന് അനുവദിച്ചാൽ മറ്റു സ്കൂളുകളും തസ്തിക ആവശ്യപ്പെടും. അത് സർക്കാരിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

നിലവിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളിലെ ഒരു അധ്യാപക തസ്തികയിലേക്കാണ് പ്രിൻസിപ്പൽമാരെ നിയമിക്കുന്നത്. ഈ ചുമതലയ്ക്ക് പുറമേ ആഴ്ചയിൽ 25 പിരീഡുകൾ അധ്യാപനം നടത്തേണ്ടതായി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജോലിഭാരം കുറയ്ക്കുന്നതിന് പ്രിൻസിപ്പൽമാരുടെ അധ്യാപനം 8 പിരീഡായി ക്രമീകരിച്ചത്. അതേസമയം, പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിച്ച് ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

SCROLL FOR NEXT