വി ശിവന്‍കുട്ടി Source: Facebook
KERALA

"സ്കൂള്‍ വേനല്‍ അവധി മഴക്കാലത്തേക്ക് മാറ്റണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം"; ചർച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

മണ്‍സൂണ്‍ കാലത്ത് കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്കൂള്‍ വേനല്‍ അവധി മാറ്റണോ എന്ന വിഷയത്തിൽ പൊതു ചർച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണ്‍സൂണ്‍ കാലത്ത് കനത്ത മഴ കാരണം ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി അവധി മാറ്റുന്നതിനെപ്പറ്റിയുള്ള ചർച്ചകള്‍ തുടങ്ങിവെച്ചത്. സ്കൂൾ അവധിക്കാലം ഏപ്രിൽ-മെയ് മാസങ്ങളിൽ നിന്ന് മാറ്റി ജൂൺ-ജൂലൈ മാസങ്ങളിലേക്ക് ആക്കി പുനഃപരിശോധിക്കുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വ്യക്തിപരമായ ആലോചന മാത്രമാണിതെന്ന് വ്യക്തമാക്കിയ മന്ത്രി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

"മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. മെയ് - ജൂൺ എന്ന ആശയവും ഉയർന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു," മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, സ്കൂൾ അവധി മാറ്റത്തില്‍ പഠനം നടത്തി വേണം പരിഷ്കരണമെന്ന് കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എ. നജീബ് പ്രതികരിച്ചു. നിർദേശത്തെ എതിർത്തിട്ടുമില്ല, അനുകൂലിച്ചിട്ടുമില്ല. പോസിറ്റീവായി തന്നെ മന്ത്രിയുടെ നിർദേശത്തെ കാണുന്നു. അത് നടപ്പാക്കേണ്ടത് പഠനം നടത്തിയാകണം എന്നാണ് നിലപാട്. അധ്യാപക സംഘടന പറയേണ്ട വിഷയമല്ലെന്നും നജീബ് വ്യക്തമാക്കി.

മന്ത്രിയുടേത് നല്ല നിർദേശമെന്നായിരുന്നു സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററിന്റെ പ്രതികരണം. സ്കൂൾ അവധി ജൂൺ - ജൂലൈ മാസത്തേക്ക് മാറ്റണമെന്ന് മുൻപും നിർദേശം ഉണ്ടായിരുന്നു. ജൂൺ - ജുലൈ മാസത്തേക്ക് അവധി മാറ്റിയാൽ മഴക്കാലത്ത് പഠനം മുടങ്ങുന്നത് ഒഴിവാകും. വിഷയത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും കെ. മോയിൻകുട്ടി അഭിപ്രായപ്പെട്ടു.

SCROLL FOR NEXT