വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽകഴുകിക്കുന്നത് നീചമായ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പാദ പൂജയിൽ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രസ്താവന പൂർണമായി തള്ളിക്കൊണ്ട്, കാൽ കഴുകൽ സംസ്കാരം കേരളത്തിൽ ഇല്ലെന്ന് വി. ശിവൻകുട്ടി ഉറപ്പിച്ച് പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെ തകർക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ഭാരതീയ സംസ്കാരത്തിൽ എവിടെയാണ് കൊച്ചു കുട്ടികളെ കൊണ്ട് കാൽ കഴുകിക്കുന്നതെന്നായിരുന്നു വി. ശിവൻകുട്ടിയുടെ ചോദ്യം. സംഭവം ഞെട്ടിക്കുന്നതാണെന്നും ആധുനികകാലത്ത് നടക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുന്നുണ്ട്. സർവീസ് റൂൾ പ്രകാരം ഇത്തരം കാര്യങ്ങൾ ചെയ്തവർ ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെ തകർക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വിമർശിച്ചു. ചില വൈസ് ചാൻസലറുടെയും ചില മാധ്യമങ്ങളുടെയും സഹായത്തോടെയാണ് ഗവർണർ ഇത് ചെയ്യുന്നത്. കുട്ടികളെ കൊണ്ട് കാൽ കഴുകിക്കുന്ന നീചമായ നടപടി ആർഎസ്എസ് ബോധപൂർവ്വം നടത്തുന്ന അജണ്ടയാണെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ സ്കൂളിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പരിമിതിയുണ്ടെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. സ്വകാര്യ സ്കൂൾ എന്ന നിലയിലാണ് പരിമിതി വരുന്നത്.വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം എന്തു വേണമെന്ന് സർക്കാർ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വിദ്യാഭ്യാസ കലണ്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മന്ത്രി വിശദീകരണം നൽകി. 220 പ്രവർത്തി ദിവസങ്ങൾ ഉറപ്പാക്കേണ്ടത് ഉണ്ട്. 2014 ൽ യുഡിഎഫ് കാലത്ത് ഹയർസെക്കണ്ടറി സ്കൂൾ സമയം നീട്ടിയിരുന്നു. അന്ന് അരമണിക്കൂർ വീതം രാവിലെയും വൈകിട്ടും വർധിപ്പിച്ചു. അന്ന് ആർക്കും പരാതി ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴത്തെ വിവാദങ്ങൾ സംശയങ്ങൾ ഉണ്ടാക്കുന്നെന്നും വി. ശിവൻകുട്ടി പറഞ്ഞു.