തിരുവനന്തപുരം: വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ച സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയതിൽ നന്ദി അറിച്ച് കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ. കുട്ടികൾ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ചതിൻ്റെ വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 'കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ' എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. പ്രിയപ്പെട്ട കുട്ടികളേ, സർക്കാരിന് നന്ദി പറയേണ്ടതില്ല. ഓരോ വിദ്യാർഥിക്കും തുല്യ അവസരം ഉറപ്പാക്കുക എന്നത്, ശാരീരികമായ അവശതകൾക്കിടയിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് വേദി ഒരുക്കുക എന്നത് ഈ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
പടന്ന എം.ആർ.വി.എച്ച്.എസ്സിലെ പ്രിയ വിദ്യാർത്ഥികൾ ഒരൊറ്റ മനസോടെ മൈതാനത്ത് അണിനിരന്ന് 'നന്ദി' എന്ന് കുറിച്ച ആ കാഴ്ച ഹൃദയത്തിൽ തൊട്ടുവെന്നും അസുഖബാധിതയായി കഴിയുന്ന സഹപാഠി സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയതിനാണ് ഈ സ്നേഹപ്രകടനം എന്ന് അറിയുമ്പോൾ അതിലേറെ സന്തോഷമെന്നും മന്ത്രി പറഞ്ഞു. ''സിയ ഫാത്തിമയെ ചേർത്തുപിടിച്ച പടന്നയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ. സിയ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. നമുക്ക് മുന്നോട്ട് പോകാം, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും കൂടെക്കൂട്ടി'', എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സിയ മത്സരത്തിൽ പങ്കെടുത്തത്. പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സിയക്ക് അവസമൊരുക്കിയത്. വേദി 17ൽ നടന്ന അറബിക് പോസ്റ്റർ രചന മത്സരത്തിലാണ് സിയ പങ്കെടുത്തത്. തൻ്റെ സങ്കടങ്ങൾ അറിയിച്ച് മന്ത്രി വി. ശിവൻകുട്ടിക്ക് സിയ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്.
കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും വിദ്യാഭ്യാസ മന്ത്രി അതിന് അവസരം ഒരുക്കി തന്നതിൽ സന്തോഷമുണ്ടെന്ന് സിയയും കുടുംബവും പറഞ്ഞിരുന്നു. കുട്ടിയുടെ നിസഹായവസ്ഥ മനസിലാക്കിയ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും സ്നേഹപൂർവം നന്ദി പറയുകയാണെന്ന് സിയയുടെ അധ്യാപകരും പറഞ്ഞിരുന്നു. സിയയുടെ മത്സരത്തിലൂടെ പുതിയ സന്ദേശമാണ് നൽകുന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. സിസ ഫാത്തിമയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മത്സരത്തിൽ പങ്കെടുക്കുക എന്നത്. അത് ഒരു പ്രത്യേക ഉത്തരവിലൂടെയണ് നടപ്പിലാക്കിയത്. ഇതിലൂടെ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ചരിത്രം സൃഷ്ടിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.