തൃശൂര്‍ കയ്പമംഗലത്ത് ഇന്നലെ അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിര്‍ത്തിയിട്ട ചരക്കുലോറിയിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. കാറിലുണ്ടായിരുന്ന എട്ടു പേരാണ് മരിച്ചത്. ഇവര്‍ ഡിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ്. മരിച്ച എട്ടുപേരിൽ ആറു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വ (20, സേലം), സൂര്യ (20, ഡിണ്ടിഗൽ), സന്തോഷ് (20, മധുര), പ്രസന്ന (20, മധുര) യുവസഞ്ജിത് (20, ഡിണ്ടിഗൽ), ജോഷ്വ (20, ഡിണ്ടിഗൽ) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേ ദിശയിൽ, ദേശീയപാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നാണ് യുവാക്കളെ കാറില്‍നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, ലോറി നിര്‍ത്തിയിട്ടിരുന്നതിലെ അനാസ്ഥയാണ് അപകട കാരണമെന്ന് തൃശൂര്‍ റൂറല്‍ എസ്‌പി മുഹമ്മദ് നദീം പറഞ്ഞു. ലോറി ഡ്രൈവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ആറു പേരെ തിരിച്ചറിഞ്ഞു. അവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എസ്‌പി അറിയിച്ചു.