എൽപി സ്കൂൾ വരുന്ന സന്തോഷത്തിൽ എലമ്പ്ര ഗ്രാമം  Source: News Malayalam 24X7
KERALA

വിജയം കണ്ടത് 40 വർഷത്തെ നിയമ പോരാട്ടം; സർക്കാർ എൽപി സ്കൂളിനായുള്ള ഈ ഗ്രാമത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു

സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചാൽ പോരാട്ടം തുടരാൻ തന്നെയാണ് എലബ്രക്കാരുടെയാകെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സർക്കാർ എൽപി സ്കൂളിനായി ഒരു ഗ്രാമം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടായി. മാറി മാറി വന്ന സർക്കാരുകളോട് പലവട്ടം അപേക്ഷിച്ചെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. പിന്നീട് നീണ്ട 40 വർഷത്തെ നിയമ പോരാട്ടം. ഒടുവിൽ സുപ്രീംകോടതിയുടെ വിധിവന്നു. എത്രയും വേഗം സ്കൂൾ പ്രവർത്തനം ആരംഭിക്കണം. പയ്യനാട്ടെ എലമ്പ്ര എന്ന ഗ്രാമത്തിന്റെ നിയമ പോരാട്ടത്തിൻ്റെ യും നിശ്ചയദാർഢ്യത്തിൻ്റെയും വിജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി.

1981 മുതലാണ് പ്രദേശത്ത് സ്കൂൾ വേണമെന്ന ആവശ്യവുമായി എലമ്പ്രക്കാർ രംഗത്ത് വരുന്നത്. ഭൂമി വാങ്ങിയാൽ കെട്ടിടം പണിയാമെന്നും സ്കൂളിനായി ശ്രമം നടത്താമെന്നും മഞ്ചേരി നഗരസഭ അറിയിച്ചതോടെ. 1982 ൽ നാട്ടുകാർ പണപിരിവ് നടത്തി ഒരേക്കർ സ്ഥലം വാങ്ങി. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം ആ സ്ഥലം ഇപ്പോഴും ഇങ്ങനെ ഒഴിഞ്ഞു കിടക്കുകയാണ് .

കിലോമീറ്ററുകൾ പിന്നിട്ടാണ് ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ സ്കൂളുകളിൽ പോകുന്നത്. 2015 ൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നാട്ടുകാരുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി. തുടർന്ന് സ്കൂൾ കർമ്മസമിതി സർക്കാരിനെ സമീപിച്ചു. നയപരമായ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു മാറി മാറി വന്ന സർക്കാരുകളുടെ മറുപടി.

ഇതോടെ സ്കൂൾ കർമ്മസമിതി കൺവീനർ തേനത്ത് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകി. സ്കൂൾ അനുവദിക്കുന്നതിന് മൂന്നുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഒരു വർഷം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ഫൈസിയുടെ നേതൃത്വത്തിൽ നാട്ടുകാർ കോടതി അലക്ഷ്യ കേസുമായി വീണ്ടും ഹൈക്കോടതി സമീപിച്ചു. ഇതോടെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.

ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് 2021ൽ നാട്ടുകാരുടെ നേതൃത്വത്തിലുള്ള കർമ്മസമിതി സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് പരിഗണിച്ചപ്പോഴാണ് വിദ്യാലയം ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകിയുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഏറെ സന്തോഷത്തിലാണ് ഇപ്പോൾ ഈ നാടാകെ. സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചാൽ പോരാട്ടം തുടരാൻ തന്നെയാണ് എലബ്രക്കാരുടെയാകെ തീരുമാനം.

SCROLL FOR NEXT