KERALA

തദ്ദേശപ്പോര് | ബ്രൂവറിക്കെതിരായ സമരം വോട്ടാക്കാന്‍ യുഎഡിഎഫും ബിജെപിയും; എലപ്പുള്ളി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്

2020ൽ പതിനെട്ടില്‍ നിന്ന് ഒന്നും രണ്ടും സീറ്റ് അല്ല 10 സീറ്റ് കുറഞ്ഞ് എല്‍ഡിഎഫ് 8 സീറ്റില്‍ ഒതുങ്ങി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന രാഷ്ട്രീയത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട പഞ്ചായത്താണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്ത്. ഒയാസിസ് മദ്യ കമ്പനിക്കെതിരെ പഞ്ചായത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ എലപ്പുള്ളിയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്നാണ് ആകാംക്ഷ. മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്....

2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ എലപ്പുള്ളിയില്‍ എല്‍ഡിഎഫ് 18, യുഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷി നില. എല്‍ഡിഎഫിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ സമഗ്ര ആധിപത്യം കാണാം. പക്ഷേ 2020ലേക്ക് കടക്കുമ്പോള്‍ പതിനെട്ടില്‍ നിന്ന് ഒന്നും രണ്ടും സീറ്റ് അല്ല 10 സീറ്റ് കുറഞ്ഞ് എല്‍ഡിഎഫ് 8 സീറ്റില്‍ ഒതുങ്ങി. നാല് സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് 9 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. മെമ്പര്‍മാര്‍ ഇല്ലാതിരുന്ന ബിജെപി അഞ്ചു വാര്‍ഡുകളില്‍ വിജയിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗം ഉണ്ടായ സമയത്താണ് എലപ്പുള്ളിയിലെ ഈ തിരിച്ചടി.

പക്ഷേ എലപ്പുള്ളി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2022ല്‍ മദ്യ നിര്‍മാണ കമ്പനിയായ ഒയാസിസ് പ്രദേശത്ത് സ്ഥലം വാങ്ങിയതോടുകൂടിയാണ്. പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള മണ്ണുക്കാട് പ്രദേശത്ത് കമ്പനിക്ക് ബ്രൂവറി പ്ലാന്റ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രാരംഭാനുമതി നല്‍കി. 24 ഏക്കര്‍ സ്ഥലമാണ് കമ്പനി വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ കൃഷി ഭൂമിയായിരുന്നു. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഈ പദ്ധതിക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങി. ബിജെപിയും സമര രംഗത്ത് എത്തി. കുടിവെള്ളം ഇല്ലാതാകും എന്നതായിരുന്നു പ്രധാന ആശങ്ക.

ഒടുവില്‍ കഴിഞ്ഞ ദിവസമാണ് പദ്ധതിക്കെതിരെ കോടതിയെ സമീപിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്. എല്‍ഡിഎഫ് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. പഞ്ചായത്ത് പരമാധികാര റിപബ്ലികല്ലെന്ന മന്ത്രിയുടെ പ്രസ്താവന ഉള്‍പ്പടെ വന്‍ വിവാദമായതും ഈ ദിവസങ്ങളിലാണ്.

ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്തിയിട്ടുണ്ടെന്നും ബ്രൂവറിക്ക് എതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറയുന്നു. മദ്യ കമ്പനിക്കെതിരായ സമരത്തില്‍ യുഡിഎഫിന് ആത്മാര്‍ത്ഥതയില്ലെന്നും ശക്തമായ സമരമുഖത്ത് ഉള്ളത് തങ്ങളാണെന്നും ബിജെപി പറയുന്നു.

അതേസമയം പഞ്ചായത്ത് ഭരണത്തിനെതിരെ ശക്തമായ സമരത്തിലാണ് എല്‍ഡിഎഫ്. ലൈഫ് പദ്ധതിയും കുടിവെള്ള പദ്ധതിയും ഉള്‍പ്പെടെ യാതൊരു വികസന പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത് ശ്രദ്ധ നല്‍കിയിട്ടില്ലെന്ന് എല്‍ഡിഎഫ് പറയുന്നു.

ഭരണത്തിനെതിരെ എല്‍ഡിഎഫ് കഴിഞ്ഞദിവസം സംഘടിപ്പിച്ച പഞ്ചായത്ത് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

മദ്യ കമ്പനിക്കെതിരായ സമരങ്ങള്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകും എന്നാണ് യുഡിഎഫും ബിജെപിയും കണക്ക് കൂട്ടുന്നത്. അതേസമയം നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ടുപോയത് ഉള്‍പ്പെടെയുള്ള വാര്‍ഡുകള്‍ ഇത്തവണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

SCROLL FOR NEXT