പത്തനംതിട്ട: അടൂർ കോട്ടമുകളിൽ വയോധികയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 77 കാരി രത്നമ്മയാണ് മരിച്ചത്. രത്നമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് രാവിലെയാണ് സംഭവം. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.
രത്നമ്മയ്ക്ക് രണ്ട് മക്കളാണുള്ളത്. ഒരാൾ വിദേശത്തും മറ്റൊരാൾ ഡൽഹിയിലുമാണ്. മക്കൾ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അടുത്ത വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ രത്നമ്മയെ കണ്ടത്.
പിന്നാലെ അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ മരിച്ച രത്നമ്മയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും ആരോപണം. അടൂർ പൊലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.