Source: News Malayalam 24x7
KERALA

സീറ്റ് ലഭിക്കും എന്ന് പൂർണ വിശ്വാസം; പെരുമ്പാവൂരിൽ മത്സരിച്ചാൽ ജയിക്കാൻ പറ്റുമെന്ന് എൽദോസ് കുന്നപ്പള്ളി

പെരുമ്പാവൂരിൽ കഴിഞ്ഞ 10 വർഷക്കാലം വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ നിന്ന് പേരു വെട്ടിയതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ കോൺഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിൽ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ താൻ മത്സരിച്ചാൽ 15000 വോട്ടിനെങ്കിലും ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പെരുമ്പാവൂരിൽ കഴിഞ്ഞ 10 വർഷക്കാലം വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടി. പി.പി. തങ്കച്ചൻ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു ചർച്ച പോലും ഉണ്ടാകില്ലായിരുന്നു. എം. വിൻസെൻ്റിനെ ആദ്യം പരിഗണിച്ചു എന്നെ പിന്നീട് പരിഗണിക്കും എന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരാൾക്ക് വേണ്ടി മാറിക്കൊടുക്കാൻ ആണെങ്കിൽ നേതൃത്വത്തിന് തന്നോട് നേരിട്ട് പറഞ്ഞാൽ മതിയെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

കേസ് തട്ടിപ്പ് കേസ് ആണ് എന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണ്. താഴേക്കിടയിൽ നിന്ന് നിരവധി ജോലികൾ ചെയ്ത് വന്ന ആളാണ് ഞാൻ. ഒരു പഞ്ചായത്ത് മെമ്പർ ആകണമെന്ന് മാത്രമാണ് ആഗ്രഹിച്ചിരുന്നത്. അയോഗ്യത എന്താണെന്ന് പാർട്ടി പരിശോധിക്കണമെന്നും എൽദോസ് കുന്നപ്പള്ളി ആവശ്യപ്പെട്ടു. എന്നും കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി.

എൽദോസിന് എതിരായ ലൈംഗിക പീഡന കേസ് ഈമാസം 26ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മത്സരിപ്പിക്കേണ്ടെന്ന ഹൈക്കമാൻഡിൻ്റെ തീരുമാനം. സ്ഥാനാർഥിത്വത്തിലേക്ക് കുന്നപ്പള്ളിയുടെ പേര് ഉയർന്ന് വന്നപ്പോൾ തന്നെ കേസിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു. കേസ് പരിഗണിക്കുന്നത് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലാണെങ്കിൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരെയാവും എൽദോസിന് പകരം പരിഗണിയ്ക്കുക.

SCROLL FOR NEXT