പെരുമ്പാവൂരിൽ മനോജ് മൂത്തേടനായി എൽദോസ് കുന്നപ്പിള്ളി പ്രചാരണത്തിനിറങ്ങുമെന്ന് ബെന്നി ബെഹനാൻ എംപി. നാളെ മുതൽ എൽദോസ് കുന്നപ്പിള്ളി മണ്ഡലത്തിൽ സജീവമാകുമെന്നും ബെന്നി ബെഹനാൻ അറിയിച്ചു. സീറ്റ് ലഭിക്കാത്തതിൽ എൽദോസ് കുന്നപ്പിളളി അതൃപ്തി പ്രകടിപ്പിക്കുകയും പിന്നീട് നേതാക്കൾ ഇടപെട്ട് അനനയിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെരുമ്പാവൂരിലെ സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങുമെന്ന തീരുമാനം.
യുഡിഎഫ് സ്ഥാനാർഥിയുടെ റോഡ്ഷോയ്ക്കിടെയാണ് ബെന്നി ബെഹനാൻ എംപി ഇക്കാര്യം അറിയിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ താൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എൽദോസ് കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. സീറ്റ് നൽകില്ലെന്ന കാര്യം നേതൃത്വത്തിന് നേരത്തെ അറിയിക്കാമായിരുന്നുവെന്നും താൻ പ്രചാരണ പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നുവെന്നും സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളി അമർഷം പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ.കെ.ആൻ്റണിയും ഉൾപ്പെടെയുള്ളവർ എൽദോസുമായി സംസാരിക്കുകയും സമവായത്തിലെത്തുകയുമായിരുന്നു. ചർച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. പാർട്ടി തനിക്ക് അമ്മയെപ്പോലെയാണെന്ന് പറഞ്ഞ എൽദോസ് കുന്നപ്പിള്ളി മോശം സമയത്ത് പാർട്ടിയെ തള്ളിപ്പറയാനില്ലെന്നും വ്യക്തമാക്കിയിരുന്നു.