തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പിൽ 14.76 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. കോൺഗ്രസിന് 29.17 ശതമാനവും സിപിഐഎമ്മിന് 27.16 ശതമാനവും വോട്ട് കിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. വോട്ടുവിഹിതത്തിൽ കോൺഗ്രസിനാണ് മുന്നേറ്റം.
എട്ട് ജില്ലകളിൽ മുപ്പത് ശതമാനത്തിലധികം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. അതേസമയം, സിപിഐഎമ്മിന് രണ്ട് ജില്ലകളിൽ മാത്രമാണ് മുപ്പത് ശതമാനത്തിലധികം വോട്ട് കിട്ടിയത്. ലീഗിന് 9.77 ശതമാനം വോട്ടും സിപിഐക്ക് 5.58 ശതമാനം വോട്ടും ലഭിച്ചു. സ്വതന്ത്രരെ കൂട്ടാതെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കാണ് ഇത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയെന്ന് എം.ടി. രമേശ് പറഞ്ഞു. തൃപ്പൂണിത്തറയിലടക്കം ജനവിധി അംഗീകരിക്കാൻ മറ്റു പാർട്ടികൾ തയ്യാറാകണം. എൽഡിഎഫിൻ്റെ തകർച്ചയുടെ ഗുണഭോക്താക്കൾ യുഡിഎഫ് മാത്രമല്ല എന്ന് തെളിഞ്ഞു. മൂന്നാം സംവിധാനത്തിൻ്റെ പ്രസക്തി ഉണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും എം.ടി. രമേശ് പറഞ്ഞു.