Source: Files
KERALA

പതിനാറാം നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; മത്സരരംഗത്ത് ചരിത്രത്തിൽ ആദ്യമായി മൂന്ന് പേ‍ർ

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. വോട്ടെടുപ്പിൽ യുഡിഎഫിൻ്റെ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. 140 അംഗ സഭയിൽ 102 അംഗങ്ങളുള്ള യുഡിഎഫിന് തിരുവഞ്ചൂർ രാധാകൃഷ്ണനെ അനായാസം സ്പീക്കർ സ്ഥാനത്തേക്ക് വിജയിപ്പിക്കാനാകും.

രാഷ്ട്രീയ പോരാട്ടം എന്ന നിലയിലാണ് എൽഡിഎഫും എൻഡിഎയും മത്സരരംഗത്തുള്ളത്. എൽഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥിയായി കുന്നംകുളം എംഎൽഎ എ.സി. മൊയ്തീൻ മത്സരിക്കും. ചാത്തന്നൂരിൽ നിന്നുള്ള എംഎൽഎ ബി.ബി. ഗോപകുമാറിനെയാണ് എൻഡിഎ മത്സരത്തിന് ഇറക്കുന്നത്. കേരളനിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്.

സ്പീക്കറായി ചുമതലയേറ്റാൽ നിബന്ധനകൾക്ക് അനുസരിച്ച് നീതിപൂർവമായി പെരുമാറുമെന്ന് യുഡിഎഫിൻ്റെ സ്പീക്കർ സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. കഴിഞ്ഞ കാലയളവിൽ നിയമസഭ തൃപ്തികരമായി പ്രവർത്തിച്ചു. നല്ല അനുഭവ സമ്പത്തുള്ളവരാണ് ഇപ്പോൾ ഭരണ-പ്രതിപക്ഷത്തുള്ളതെന്നും കയ്യാങ്കളികൾ ആവർത്തിക്കില്ലെന്ന് വിശ്വാസമുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

രാവിലെ 9 മണി മുതൽ സഭാ നടപടികൾ ആരംഭിക്കും. പ്രോ ടേം സ്പീക്കറായ ജി. സുധാകരനാകും സഭ നിയന്ത്രിക്കുക. സ്പീക്കറുടെ ഡയസിന് ഇരുവശത്തുമായി ക്രമീകരിച്ചിരിക്കുന്നയിടങ്ങളിൽ എംഎൽഎമാർക്ക് രഹസ്യ വോട്ട് രേഖപ്പെടുത്താം. വോട്ടെണ്ണലിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ഡയസിലേക്ക് ആനയിക്കും. തുടർന്ന് കക്ഷി നേതാക്കൾ സ്പീക്കർക്ക് ആശംസകൾ നേർന്ന് സംസാരിക്കും. അടുത്ത മാസം രണ്ടിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

SCROLL FOR NEXT