തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കി. വൈദ്യുതി ബോർഡിൻ്റെ മുൻ കാലനഷ്ടമായ 5000 കോടി രൂപ നാലുവർഷം കൊണ്ട് സർചാർജിലൂടെ നികത്താനാണ് തീരുമാനം.
അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർചാർജും നിലവിൽ വരും. ഇതനുസരിച്ച് 2027-28 മുതൽ 2030-31 വരെയുള്ള നാലുവർഷത്തേക്ക് ഉപഭോക്താക്കൾ സർ ചാർജും പുതിയ നിരക്കും നൽകേണ്ടിവരും.
വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിൻ്റെ നിശ്ചിത നിരക്കായിരിക്കും സർചാർജ്. മറ്റുവിഭാഗങ്ങൾക്ക് ഫിക്‌സഡ് ഡിപ്പോസിറ്റിൻ്റെയും വൈദ്യുതി നിരക്കിൻ്റെയും നിശ്ചിത ശതമാനവും. അഞ്ചു വർഷത്തേക്കാണ് താരിഫ് നയം നടപ്പാക്കുന്നത്.