സണ്ണി ജോസഫ് Source: News Malayalam 24x7
KERALA

വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല, കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദന ഉണ്ടാക്കരുത്: സണ്ണി ജോസഫ്

പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കണമെന്നും ഇത് എല്ലാവർക്കും ബാധകമാണെന്നും പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. പാർട്ടി വേദിയിൽ അഭിപ്രായങ്ങൾ പറയാമെന്നും വിവാ​ദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും സണ്ണി ജോസഫ് നിർദേശിച്ചു. പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കണമെന്നും ഇത് എല്ലാവർക്കും ബാധകമാണെന്നും പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

"വിലക്ക് എല്ലാവര്‍ക്കും ബാധകമാണ്. പാർട്ടി അച്ചടക്കം എല്ലാവരും കർശനമായി പാലിക്കണം. സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് പ്രായോഗിക തീരുമാനങ്ങളാണ്. മാസപ്പടി കേസ് ഇല്ലാതാക്കാനല്ല സര്‍ക്കാര്‍ ശ്രമിച്ചത്. ആലോചിച്ച് എടുത്ത പക്വതയാര്‍ന്ന തീരുമാനമാണ് അത്. സര്‍ക്കാര്‍ നിലപാടിൽ സിപിഐഎം ആണ് പെട്ടത്," സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ എൽഡിഎഫ് ഗവൺമെൻ്റ് ആണ്. വില കൂടിയ വൈദ്യുതിയാണ് വാങ്ങിക്കുന്നത്. 14.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അഴിമതിക്ക് ഇടം കൊടുക്കാതെ ഹിമാചൽ പ്രദേശ് ഗവൺമെൻ്റിനോടാണ് വാങ്ങുന്നത്. രണ്ട് ഗവൺമെൻ്റുകൾ തമ്മിലുള്ള ഇടപാടാണ്. ഇതിന് മറ്റു ഏജൻസികളോ കമ്മീഷനോ ഇല്ല. നിലവിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. വഖഫ് ബോർഡുമായി ബന്ധപ്പെട്ട കാന്തപുരത്തിൻ്റെ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT