NEWS MALAYALAM 24x7  
KERALA

കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; നിമിഷ പ്രിയ കേസില്‍ യെമനില്‍ അടിയന്തര യോഗം

യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നിമിഷപ്രിയ കേസില്‍ യെമനില്‍ അടിയന്തര യോഗം. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തര യോഗം. കാന്തപുരത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്‌മാന്‍ അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് പകരമായി കുടുംബം മാപ്പ് നല്‍കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും മോചനം നല്‍കുകയും വേണമെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്. ഇന്ന് വൈകുന്നേരത്തോടെ വിശദ വിവരങ്ങള്‍ ലഭ്യമാകും.

നിമിഷ പ്രിയയുടെ വധശിക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കേ, യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരം സംസാരിക്കുകയായിരുന്നു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന് അടുത്ത വ്യക്തി ബന്ധമുണ്ട്. ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരം നോര്‍ത്ത് യമന്‍ ഭരണകൂടവുമായും കാന്തപുരം സംസാരിച്ചു.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

SCROLL FOR NEXT