ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ചിഞ്ചു അനീഷിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. രണ്ട് കോടിയില്‍ അധികം രൂപ നഷ്ടപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികൾ പണം തിരികെ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. പണം തിരികെ ചോദിക്കുന്നതിനിടെ കയ്യേറ്റ ശ്രമം നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ചിഞ്ചു അനീഷ് സംസ്ഥാനത്തിന് പുറത്തും തൊഴില്‍ തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായാണ് സംശയം. കേസിൽ റിമാന്‍ഡിലായ ചിഞ്ചു ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ന്യൂസിലന്‍ഡിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു ചിഞ്ചു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതിയുണ്ട്.
പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. 2020ല്‍ എറണാകുളം നോർത്ത് പൊലീസ് ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇവർ വീണ്ടും തട്ടിപ്പുകള്‍ നടത്തിയത്. തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസയ്ക്ക് പോലും പത്തും, പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്.