Source: News Malayalam 24x7
KERALA

തെറ്റുകൾ വന്നാൽ തിരുത്താനുള്ള അവസരം പാർട്ടി നൽകും, അതിനാലാണ് ശശിക്കെതിരെയുള്ള നടപടി വൈകിയത്: ഇ.എൻ. സുരേഷ് ബാബു

ശശിയെ പോലെ വ്യക്തിപരമായ അധിക്ഷേപം താൻ നടത്താറില്ലെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പി.കെ. ശശിക്ക് എതിരായ നടപടി വൈകിയത് തെറ്റ് തിരുത്താനുള്ള സമയം നൽകിയതികൊണ്ടെന്ന് സിപിഐഎം. തെറ്റുകൾ വന്നാൽ തിരുത്താനുള്ള അവസരം പാർട്ടി നൽകും. അതിനാലാണ് ശശിക്കെതിരെയുള്ള നടപടി വൈകിയത് എന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ന്യൂസ് മലയാളത്തോട് പറഞ്ഞു.

ശശി അമാനുഷികനായ വ്യക്തിയല്ല. അയാൾ പലഘട്ടങ്ങളിൽ പ്രശ്നമുണ്ടാക്കിയ ആളാണ്. തിരുത്താൻ തയ്യാറാകാത്തത് കൊണ്ടാണ് ബ്രാഞ്ചിൽ തരംതാഴ്ത്തിയത്. പാർട്ടി മേൽഘടകങ്ങളിൽ തിരിച്ചെടുത്തപ്പോഴും തെറ്റുകൾ ആവർത്തിച്ചു എന്നും ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി.

എസ്എഫ്ഐയിൽ പൊതുപ്രവർത്തനം ആരംഭിച്ചതാണ് താനെന്നും, ഞാൻ എന്തെങ്കിലും സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയോയെന്ന് പരിശോധിക്കാം. ശശിയും ആ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്നും സുരേഷ് ബാബു ചോദിച്ചു.

"ശശിയെ പോലെ വ്യക്തിപരമായ അധിക്ഷേപം താൻ നടത്താറില്ല. പാർട്ടി അതാരെയും പഠിപ്പിച്ചിട്ടും ഇല്ല. പി.കെ. ശശിയല്ല സുരേഷ് ബാബു. ശശിയെ മോശപ്പെടുത്താൻ എനിക്ക് താൽപ്പര്യമില്ല. മാധ്യമങ്ങൾക്ക് തന്നെയും ശശിയെയും താരതമ്യപ്പെടുത്തി പരിശോധിക്കാം ശശിക്കെതിരെ പലരും പ്രതികരിക്കുന്നുണ്ട്", ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിച്ചാൽ അത് പൊതു സമൂഹത്തിൽ തെളിയിക്കണം. സിപിഐഎം പുറത്താക്കുന്നവരെ കോൺഗ്രസ് പുണ്യാളന്മാരാക്കുന്നു. മാലിന്യങ്ങൾ എടുക്കാൻ നടക്കുകയാണ് കോൺഗ്രസ്. പി. കെ. ശശിയുടെ തീവ്രത അളക്കാൻ കോൺഗ്രസ് ഇനി തയ്യാറാകുമോ എന്നും ഇ.എൻ. സുരേഷ് ബാബു കൂട്ടിച്ചേർത്തു.

SCROLL FOR NEXT