KERALA

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്; രാഷ്ട്രീയ വിഷയമാക്കാന്‍ സിപിഐഎം

ഇഡി സംഘത്തിന് നേരെ ഇന്നലെ ആക്രമം ഉണ്ടായതോടെ അവരുടെ തുടര്‍നടപടികള്‍ സിപിഐഎം പ്രതീക്ഷിക്കുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വിഷയമാക്കി ഉന്നയിക്കാനുറച്ച് സിപിഐഎം. പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യവും, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ നടന്ന റെയ്ഡും ചേര്‍ത്ത് കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് പ്രചാരണം നടത്താനാണ് സിപിഐഎം നീക്കം. പിണറായി വിജയനെ കേസിന്റെ ഭാഗമാക്കിയാല്‍ പാര്‍ട്ടി നിയമപരമായി നേരിടും, അല്ലെങ്കില്‍ വീണ തന്നെ നേരിടട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം.

സിപിഐഎമ്മും ബിജെപിയും തമ്മില്‍ കേരളത്തില്‍ ധാരണയുണ്ടെന്നും, ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലാവലിന്‍ കേസ് അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാതിരിക്കുന്നതെന്നും, മാസപ്പടിക്കസിലെ എസ്എഫ്‌ഐഒ അന്വേഷണം വഴിയില്‍ നിന്നതും എന്നുമെല്ലാമായിരിന്നു പ്രതിപക്ഷത്തിരുന്നപ്പോള്‍ യുഡിഎഫിന്റെ പ്രചരണം. അധികാരത്തില്‍നിന്ന് പിണറായി വിജയന്‍ പുറത്തുപോയതിന് പിന്നാലെ എട്ടര മണിക്കൂറോളം അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് രാഷ്ട്രീയ വിഷയം ആക്കി യുഡിഎഫിനെതിരെ തിരിച്ചടിക്കാന്‍ ആണ് സിപിഎമ്മിന്റെ തീരുമാനം.

യുഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആരോപിച്ചതുപോലെ ഉണ്ടെങ്കില്‍ പിണറായി വിജയന്റെ രണ്ട് വീടുകളിലും, മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി എങ്ങനെ റെയ്ഡ് നടത്തുമെന്ന ചോദ്യമാണ് സിപിഐഎം ഉയര്‍ത്തുന്നത്. സിപിഐഎം ബിജെപി ഡീല്‍ എന്നത് തിരിച്ച് യുഡിഎഫിന് നേരെ ഉന്നയിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആദ്യം നരേന്ദ്രമോദിയെ വി.ഡി. സതീശന്‍ കണ്ടതിനു പിന്നാലെ നടന്ന റെയ്ഡിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റാന്‍ തന്നെയാണ് സിപിഎമ്മിന്റെ നീക്കം

ഇഡി സംഘത്തിന് നേരെ ഇന്നലെ ആക്രമം ഉണ്ടായതോടെ അവരുടെ തുടര്‍നടപടികള്‍ സിപിഐഎം പ്രതീക്ഷിക്കുന്നുണ്ട്. വീണയെ നോട്ടീസ് നല്‍കി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തുമോ എന്നതാണ് സിപിഐഎം ഉറ്റുനോക്കുന്നത്. അതിനൊപ്പം പ്രമുഖ വ്യക്തിയുടെ മകള്‍ ആയതുകൊണ്ടാണ് സിഎംആര്‍എല്‍, ടി. വീണയ്ക്ക് പണം നല്‍കിയതെന്ന ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലെ പരാമര്‍ശം ആയുധമാക്കി ,പിണറായിയെ ലക്ഷ്യം വെച്ച് ഇഡി പണി തുടങ്ങുമോ എന്നതും പ്രധാനപ്പെട്ടതായി പാര്‍ട്ടി കാണുന്നുണ്ട്.

പിണറായി വിജയനെ ലക്ഷ്യം വെച്ച് നീങ്ങിയാല്‍ പാര്‍ട്ടി തന്നെ നിയമപരമായ നടപടിക്ക് നേതൃത്വം നല്‍കും. അല്ലെങ്കില്‍ വീണ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ എന്ന നിലപാടിലാണ് നേതൃത്വം ഉള്ളത്. എന്തായാലും ഹണിമൂണ്‍ പിരീഡില്‍ തന്നെ യുഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള വിഷയം കിട്ടിയത് കൊണ്ട് അതില്‍ പിടിച്ചു മുന്നോട്ടുപോകാനാണ് സിപിഐഎമ്മിന്റെ നീക്കം.

SCROLL FOR NEXT