KERALA

"ഇതാണെൻ്റെ ജീവിതം", ഇ.പി. ജയരാജൻ്റെ ആത്മകഥ പുറത്തിറങ്ങി; മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

കഴുത്തിൽ വെടിയുണ്ടകളുടെ അംശവുമായാണ് ജയരാജൻ ഇപ്പോഴും ജീവിക്കുന്നതെന്നായിരുന്നു വേദിയിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വലിയ വിവാദങ്ങൾക്കൊടുവിൽ ഒടുവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ്റെ ആത്മകഥ പുറത്തിറങ്ങി. 'ഇതാണെൻ്റെ ജീവിതം' എന്ന പേരിലാണ് ഇ.പി. ജയരാജൻ ആത്മകഥ എഴുതിയത്. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി. പത്മനാഭന് നൽകി പുസ്തകം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കഴുത്തിൽ വെടിയുണ്ടകളുടെ അംശവുമായാണ് ജയരാജൻ ഇപ്പോഴും ജീവിക്കുന്നതെന്ന് പ്രകാശന വേദിയിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇ.പി. ജയരാജനെതിരെ അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് വലതുപക്ഷത്തിന്റെ അക്രമണമുണ്ടായി.പലവിധത്തിലുള്ള ദുരരോപണങ്ങൾ നേരിടേണ്ടി വന്നു. കാലത്തിനനുസരിച്ച് മാറണം എന്ന് പറഞ്ഞപ്പോൾ കട്ടൻ ചായയും പരിപ്പുവടയും പറഞ്ഞ് പരിഹസിച്ചു. പാലക്കാട്‌ ഉപാതിരഞ്ഞെടുപ്പ് സമയത്തും ഇത് ആവർത്തിച്ചു. ഇതിനെയെല്ലാം ജയരാജൻ അതിജീവിച്ചന്നും വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലാകെ പാറി നടന്ന ചെങ്കൊടിയുടെ പാതയിൽ ആവേശത്തോടെ അണിനിരന്ന ഒരു ഒൻപതാം ക്ലാസുകാരൻ. ആ ഒൻപതാം ക്ലാസുകാരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടവഴിയിലെ അനിഷേധ്യ നേതാവായ ചരിത്രം. ആ ചരിത്രവും അതിനോട് ചേർന്ന അനുഭവങ്ങളുമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. "ഇതാണെന്റെ ജീവിതം" എന്ന പേരിൽ ഇ.പി. ആത്മകഥ എഴുതുമ്പോൾ അതൊരു സമര കാലത്തിന്റെ അടയാളപ്പെടുത്തലാകുമെന്നതിലും തർക്കമില്ല.

ഇ.പിയുടെതെന്ന പേരിൽ നേരത്തെ പ്രചരിച്ച ആത്മകഥാ ഭാഗങ്ങളുണ്ടാക്കിയ വിവാദം ചെറുതല്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന വിവാദത്തേക്കുറിച്ചും ഇ.പിയുടെ തുറന്നെഴുത്ത് എന്ന പേരിൽ ആത്മകഥയുടെ ഭാഗങ്ങൾ പ്രചരിച്ചിരുന്നു. ഇത് പിന്നീട് ഡിസി ബുക്സും ഇ.പിയും തമ്മിലുള്ള നിയമ പോരാട്ടത്തിലും പുതിയ പ്രസാധകരായ മാതൃഭൂമി ബുക്സിലുമെത്തി.

ഇ.പിയുടെ ആത്മകഥ പുറത്തുവരുമ്പോൾ അതിലെന്താകും എന്നത് കൗതുകം തന്നെയാണ്. വെടിയുണ്ടകളെയും ബോംബുകളെയും അതിജീവിച്ച സമര ജീവിതത്തിനപ്പുറം എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം, മന്ത്രി സ്ഥാനത്ത് നിന്നുള്ള മാറ്റം, ഇടക്കാലത്ത് പാർട്ടിയോട് അകന്നെന്ന് തോന്നിപ്പിച്ചത്, തുടർച്ചയായ വിവാദങ്ങൾ എന്നിവയൊക്കെ ഇ.പി. പരാമർശിച്ചിട്ടുണ്ടോ എന്നത് ശ്രദ്ധേയമാണ്.

SCROLL FOR NEXT