എറണാകുളം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ എംപി നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. എറണാകുളം സിജെഎം കോടതിയാണ് കേസ് തള്ളിയത്. ഗോവിന്ദനെതിരെ തെളിവ് നൽകാൻ സുധാകരൻ തുടർച്ചയായി നേരിട്ട് ഹാജരാകാഞ്ഞതോടെയാണ് കേസ് തള്ളിക്കളഞ്ഞത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
കേസിൽ രണ്ടുതവണ അവസരം നൽകിയിട്ടും സുധാകരൻ നേരിട്ട് ഹാജരാകാതെ വന്നതോടെയാണ് കോടതി കേസ് തള്ളിയത്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നു 2023 ജൂൺ മാസത്തിലെ ദേശാഭിമാനി വാർത്ത ഉദ്ധരിച്ചുള്ള ഗോവിന്ദന്റെ ആരോപണം. ഇതിനെതിരെയാണ് പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞാണ് സുധാകരൻ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എം.വി. ഗോവിന്ദന് പുറമേ ഇതേ ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനും എതിരെ സുധാകരൻ കേസു കൊടുത്തിരുന്നു.