പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ Source: Meta AI
KERALA

ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണം; പാലക്കാട് നിപ ബാധിതൻ മരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ

നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മണ്ണാർക്കാട് കുമരം പുത്തുർ സ്വദേശിയായ വയോധികൻ നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടർ. നാലോളം ആശുപത്രികളിൽ സന്ദർശനം നടത്തിയ 57കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.

കഴിഞ്ഞ ആറാം തീയതി രാവിലെയാണ് വയോധികന് ലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും, താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തി. എട്ടാം തീയതി രാവിലെ 9.30 മുതൽ ഒരു മണി വരെ വട്ടമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പതിനൊന്നാം തീയതിയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12ന് വൈകീട്ടോടെ മരണം സംഭവിച്ചു. ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം 57കാരൻ പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നും കോൺടാക്ട് ലിസ്റ്റിലുള്ള ഒരു ബന്ധുവിനെയും ആരോഗ്യപ്രവർത്തകയേയും പനിയെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 46 പേരാണുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താത്കാലികമായി അടച്ചിട്ടുണ്ട്. ജൂലൈ 12നാണ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ചങ്ങലീരി സ്വദേശിയായ 58കാരന്‍ നിപ ബാധിച്ച് മരിച്ചത്.

വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT