പട്ടിമറ്റം: കുന്നത്തുനാടിൽ ബാബു ദിവാകരൻ ട്വൻ്റി20 സ്ഥാനാർഥിയായി മത്സരിക്കും. മരിച്ചാലും കോണ്‍ഗ്രസ് വിടില്ലെന്ന് പറഞ്ഞതിൻ്റെ രണ്ടാം നാളാണ് എൻഡിഎ സ്ഥാനാർഥിയായി ബാബു ദിവാകരൻ പ്രത്യക്ഷപ്പെടുന്നത്. എന്‍ഡിഎയുടെ ഭാഗമായ ട്വൻ്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനിടെ ആണ് ബാബു ദിവാകരൻ്റെ സര്‍പ്രൈസ് എന്‍ട്രി. പട്ടിമറ്റത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് ബാബു ദിവാകരൻ എത്തിയത്.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വിജയിച്ച സീറ്റിൽ ആദ്യ സീറ്റ് കുന്നത്തുനാട് ആയിരിക്കുമെന്നും ആർക്ക് മുന്നിലും അടിയറവ് പറയാൻ പാടില്ലെന്നും ട്വൻ്റി20 പ്രസിഡൻ്റ് സാബു ജേക്കബ് പറഞ്ഞു. ഇനിയും സർപ്രൈസ് പ്രതീക്ഷിക്കാമെന്നും ദിവസങ്ങൾക്കുള്ളിൽ അത്ഭുതങ്ങൾ കാണാം. ആരും പ്രതീക്ഷിക്കാത്ത പലരും എൻഡിഎയുടെ ഭാഗമാകുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ഞെട്ടുമെന്നും ആദ്യ ഭൂരിപക്ഷം കുന്നത്തുനാടിൽ നിന്ന് തുടങ്ങുമെന്നും മുൻ കോൺഗ്രസ് നേതാവായ ബാബു ദിവാകരൻ പ്രതികരിച്ചു. അച്ഛനമ്മമാർ ചെയ്ത പുണ്യമാണ് ഈ വേദിയിൽ എത്തിച്ചതെന്നാണ് വാക്കുകൾ ഇടറിക്കൊണ്ട് ബാബു ദിവാകരൻ പറഞ്ഞത്. "ഒരു കാലത്തും ഗോഡ് ഫാദർമാർ ഉണ്ടായില്ല. ലഭിച്ച പദവികൾ വഴക്കിട്ടോ ഗ്രൂപ്പ് കളിച്ചോ നേടിയതല്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളം ഞെട്ടും. ആദ്യ ഭൂരിപക്ഷം കുന്നത്തുനാടിൽ നിന്ന് തുടങ്ങും," ബാബു ദിവാകരൻ പറഞ്ഞു.
കേരളത്തിൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷനായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ടാലൻ്റ് ഹണ്ട് വഴി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള നേതാവാണ് ബാബു ദിവാകരന്‍.