കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ ട്വിസ്റ്റ്. ആർഎസ്പി വിട്ട മുതിർന്ന നേതാവ് സജി ഡി ആനന്ദ് ഇരവിപുരം മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിക്കും. ഇരവിപുരത്ത് പണാധിപത്യത്തിന്മേൽ ജനാധിപത്യത്തെ വിജയിപ്പിക്കാനാണ് തൻ്റെ പോരാട്ടമെന്ന് സജി ഡി ആനന്ദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, ഇരവിപുരം, ചവറ സീറ്റുകളിൽ ആർഎസ്പി-എൽഡിഎഫ് ഡീലെന്നും സജി ഡി ആനന്ദ് ആരോപിച്ചു. ഇരവിപുരത്ത് ആർഎസ്പി വോട്ടുകൾ ഇടതു സ്ഥാനാർഥി എം. നൗഷാദിനും നൽകും. ചവറയിൽ സിപിഐഎം വോട്ടുകൾ ആർഎസ്പി സ്ഥാനാർഥി ഷിബുവിന് നൽകാനും ധാരണ ഉണ്ടാക്കി. ദുബായിൽ വച്ചാണ് ഡീൽ ഉണ്ടായതെന്നും സജി ഡി ആനന്ദ് ആരോപിച്ചു.
ഡീലിന് പിന്നിൽ കൊല്ലത്തെ റിയൽ എസ്റ്റേറ്റ് മാഫിയകളാണ്. ഈ ഡീൽ പ്രകാരമാണ് കാർത്തിക് പ്രേമചന്ദ്രനെ ഒഴിവാക്കിയത്. ഇരവിപുരത്ത് പ്രചാരണ രംഗത്ത് ഉടൻ സജീവമാകുമെന്നും സജി ഡി ആനന്ദ് വ്യക്തമാക്കി.