തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുമ്പോഴും എക്സൈസ് വകുപ്പിനു കീഴിൽ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാതെ സർക്കാർ. ഉദ്യോഗസ്ഥ ക്ഷാമം നികത്താൻ 648 പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന മുൻ എക്സൈസ് കമ്മീഷണറുടെ ആവശ്യത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത് 134 എണ്ണം മാത്രം. വകുപ്പിന് കീഴിൽ വരുമാനം വർധിക്കുമ്പോഴും സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന വാദം നിരത്തുകയാണ് സർക്കാർ. പുതിയ തസ്തികകളിൽ സർക്കാർ തീരുമാനം വൈകുന്നതോടെ പിഎസ്സി ലിസ്റ്റിലുള്ള ഉദ്യോഗാർഥികളും ആശങ്കയിലാണ്.
ലഹരിമരുന്ന് കടത്ത് തടയൽ, അബ്കാരി കേസുകൾ, എൻഡിപിഎസ് കേസുകൾ, ലൈസൻസ് പരിശോധന, കേസുകളുടെ അന്വേഷണം തുടങ്ങി എക്സൈസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഏറെയാണ്. എന്നാൽ ഇതിനൊക്കെ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. 648 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നിർദേശം 2025 ഏപ്രിൽ രണ്ടിന് എക്സൈസ് കമ്മീഷണർ മുൻ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി അധിക തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതിൽ 134 തസ്തികകൾ മാത്രമാണ് മുൻ സർക്കാർ അനുവദിച്ചത്. ഡ്രൈവർ തസ്തികകൾ, റേഞ്ച് ഓഫീസുകൾ, എക്സൈസ് ഗാർഡുമാർ, ചെക്ക്പോസ്റ്റുകളിലെ ജീവനക്കാർ, കെഇഎംയു യൂണിറ്റ് എന്നിവിടങ്ങളിലെ ആവശ്യങ്ങൾ പരിഗണിച്ചാണ് അധിക തസ്തികകൾ നിർദേശിച്ചത്. ഇതിനുപുറമേ, സ്റ്റേറ്റ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രൂപീകരിച്ചതോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അധിക ചുമതലകളും നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അധിക സമ്മർദമാകും.
648 തസ്തികകൾ സൃഷ്ടിക്കാൻ പ്രതിവർഷം ഏകദേശം 30 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ എക്സൈസ് വകുപ്പിന് പ്രതിവർഷം ശരാശരി 1,600 കോടി രൂപ വരുമാനവും 710 കോടി രൂപ ചെലവുമുണ്ടെന്നാണ് കണ്ടെത്തൽ. വകുപ്പിനു കീഴിൽ തന്നെ സാമ്പത്തിക ലാഭം കണക്കുകളിൽ വ്യക്തമാകുമ്പോഴാണ് സാമ്പത്തിക ബാധ്യത എന്ന വാദം സർക്കാർ ഉന്നയിക്കുന്നത്. സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി, കാറ്റഗറി നമ്പർ 743/2024 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 1084 ഉദ്യോഗാർഥികളാണ് ഇനി സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. എസ്എൻസിബിയുടെ അംഗബലത്തിന് തുല്യമായ അധിക തസ്തികകൾ എക്സൈസ് വകുപ്പിലും സൃഷ്ടിക്കണം. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം.