തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കും മുമ്പ് സർക്കാർ അനുമതിയില്ലാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ. എറണാകുളത്തെ ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള ഷിബു പി.എൽ. എന്നിവർക്ക് എതിരെയാണ് നടപടി. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്നും വകുപ്പിന്റെ അനുമതി തേടിയില്ലെന്നും എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. എറണാകുളത്തും കോട്ടയത്തുമായി മൂന്ന് ബാർ ലൈസൻസുകൾ അനുവദിച്ചതാണ് വിവാദത്തിലായത്.
സംഭവത്തിൽ എക്സൈസ് മന്ത്രി മന്ത്രി എം. ലിജു കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ സർക്കാർ അറിയാതെയുള്ള നടപടിയിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ടും തേടി.
മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.
വിഷയത്തിൽ മന്ത്രി എം. ലിജു അടിയന്തരമായി ഇടപെടുകയും എക്സൈസ് വകുപ്പിൽ ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർ പ്രാഥമിക തലത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ട്.