സര്‍ക്കാരിനെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് പിഎം ശ്രീ പദ്ധതി. കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിക്കുമ്പോഴും ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇത് ഇടതുമുന്നണിക്കകത്തും ഒച്ചപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫിലെ പ്രബല കക്ഷിയായ സിപിഐ തന്നെയാണ് പിഎം ശ്രീ പദ്ധതിയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയിരിക്കുന്നത്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് ഓടിപ്പിടിച്ച് എടുക്കേണ്ട തീരുമാനമായിരുന്നില്ല ഇതെന്നാണ്. ഇതോടെ സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം നേതൃത്വത്തില്‍ വലിയ നീക്കങ്ങള്‍ തന്നെ നടന്നു. ഇന്ന് സിപിഐഎം നടത്തിയ ഏറ്റവും വലിയ നീക്കം ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയായിരുന്നു.
സിപിഐ ആസ്ഥാനത്തെത്തിയാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറിയുമായി മുഖ്യമന്ത്രി ഫോണില്‍ വിളിച്ചും സംസാരിച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം നടത്തുന്ന എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ചയാകും. സിപിഐ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്താനൊരുങ്ങുന്നത്.
നിലവിലെ സാഹചര്യത്തില്‍ പിഎം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ തല്‍ക്കാലം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇതില്‍ തീരുമാനമെടുക്കുകയെന്നാണ് വിവരം. അതേസമയം പദ്ധതിയെ കുറിച്ച് സിപിഐക്കുള്ള ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി ഡി. രാജയെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎം ശ്രീ പദ്ധയിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് എം.എ. ബേബി ഡി. രാജയെ അറിയിച്ചത്. പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ ആശങ്കകളോട് സിപിഐഎമ്മിനും യോജിപ്പാണെന്നും പ്രശ്‌നം ഇരുപാര്‍ട്ടികളുടെയും കേരള ഘടകങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു ബേബി പറഞ്ഞത്. അതേസമയം ബേബിയെ കണ്ട് കടുത്ത അതൃപ്തി അറിയിച്ച രാജ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.
കച്ചവട വത്കരണത്തെ തടയും എന്ന ഉറപ്പിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഒപ്പുവച്ച ധാരണാപത്രം പിന്‍വലിക്കില്ല. ധാരണാപത്രം ഒപ്പിടേണ്ടിവന്ന സാഹചര്യം സിപിഐ കേരളഘടകത്തെ ബോധ്യപ്പെടുത്താനാണ് സിപിഐഎം നേതൃത്വത്തിന്റെ ശ്രമം. സിപിഐ ഉന്നയിച്ച ആശങ്കകള്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നുമാണ് ബേബി പറഞ്ഞത്.
കേരളം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര പദ്ധതിയില്‍ ഒപ്പുവച്ചതുമായി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ മുന്നണിക്കകത്തും ഉണ്ടാക്കിയ ഭിന്നാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ ചെറുതല്ലാത്ത രീതിയില്‍ തന്നെ ബാധിക്കും.
ഇതിന് പുറമെ ഇന്ന് സിപിഐയുടെ വിദ്യാര്‍ഥി യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എഐഎസ്എഫും എഐവൈഎഫും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. മുപ്പത് വെള്ളിക്കാശിന് മന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ മേഖലയെ ഒറ്റുകൊടുത്തുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു സിപിഐ അനുകൂല വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. സെക്രട്ടറിയേറ്റ് അനക്‌സിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഒടുവില്‍ ജലപീരങ്കി പ്രയോഗിക്കകുകയും ചെയ്തു. മറ്റു ജില്ലകൡലും വിദ്യാര്‍ഥി-യുവജന സംഘടനകള്‍ മാര്‍ച്ചും റാലിയുമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
ചുവന്ന കൊടി പിടിച്ചതുകൊണ്ട് ആരും കമ്യൂണിസ്റ്റ് ആകണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയെ ഓര്‍മപ്പെടുത്തുന്നുവെന്നാണ് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ.കെ. സമദ് പറഞ്ഞത്. വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയ വത്കരണം തടയുമെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ പറഞ്ഞത്. ഇരുളിന്റെ മറവില്‍ പിഎം ശ്രീ ഒപ്പിട്ടു. അതുപേക്ഷിക്കുന്നതുവരെ സമരം തുടരും. അതുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതെന്നും ടി.ടി. ജിസ്‌മോന്‍ പറഞ്ഞു.
അതേസമയം ഇതില്‍ അവസരം മുതലെടുത്ത് കെഎസ്‌യുവും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ടെങ്കിലും എസ്എഫ്‌ഐ എല്ലാ തരത്തിലും സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ എബിവിപി എല്ലാ തരത്തിലും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു രാഷ്ട്രീയ തന്ത്രമായി മാറുന്നു.
വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എബിവിപി പ്രകടനം നടത്തി. അതും വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ചായിരുന്നു എബിവിപിയുടെ പ്രകടനം. പ്രതീകാത്മകമായി വിദ്യാഭ്യാസ മന്ത്രിയെ പൊന്നാടയണിയിക്കുകയും ചെയ്തു. പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിയത് എബിവിപിയുടെ സമര വിജയമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് പ്രകടനം നടത്തിയത്. നേരത്തെ പിഎം ശ്രീയില്‍ ഒപ്പുവച്ചതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ ചെന്ന് കാണുകയും എബിവിപി ചെയ്തിരുന്നു.
എന്തു തന്നെയായാലും കേന്ദ്ര പദ്ധതിയില്‍ ഒപ്പുവച്ചതോടെ സ്വന്തം മുന്നണിയില്‍ നിന്നും, മുന്നണിയുടെ ബഹുജന സംഘടനകളില്‍ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ സിപിഐഎമ്മിന് എത്രത്തോളം പ്രതിരോധിക്കാനാവുമെന്നതാണ് നിലവില്‍ ഉയരുന്ന ചോദ്യം.