രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള ശശിധരൻ Source: News Malayalam 24x7
KERALA

"പ്രവർത്തകരുടെ മനോവീര്യം തകർത്തു, നടപടി എടുക്കണം"; പ്രമീള ശശിധരൻ രാജി വയ്ക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റിയിൽ ആവിശ്യം

പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ വേദി പങ്കിട്ടതിന് പിന്നാലെ പാലക്കാട് ബിജെപിയിൽ ആഭ്യന്തര കലഹം. പ്രമീള ശശിധരനെതിരെ കൃഷ്ണകുമാർ പക്ഷം. പ്രമീള ശശിധരൻ രാജി വയ്ക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റിയിൽ 18 പേർ ആവിശ്യപ്പെട്ടു. പ്രമീള ശശിധരൻ പ്രവർത്തകരുടെ മനോവീര്യം തകർത്തു. നടപടി എടുത്തില്ലെങ്കിൽ പാർട്ടി അച്ചടക്കം തകരും. മാധ്യമങ്ങൾക്ക് മുന്നിൽ ചെയ്ത തെറ്റ് ഏറ്റു പറയണമെന്നും നേതാക്കൾ കമ്മറ്റിയിൽ പറഞ്ഞു. പ്രമീളയ്ക്ക് അടുത്ത തവണ സീറ്റ് നൽകരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. അതേസമയം പ്രമീള ശശിധരൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

രാഹുലിനെതിരെ സമരം ചെയ്ത് കേസിൽ പ്രതിയായവരോട് പാർട്ടി എന്ത് മറുപടി പറയുമെന്നും ഒരു വിഭാഗം ചോദിച്ചു. തെറ്റാണെന്ന് പറഞ്ഞ് പരസ്യ പ്രതികരണം നടത്തിയില്ലെങ്കിൽ രാജിവയ്ക്കണം. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് മറ്റൊരു വിഭാ​ഗം. ദിവസങ്ങൾ മാത്രം ശേഷിക്കേ രാജി പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. 23 പേരാണ് ജില്ലാ കമ്മറ്റിയിൽ പങ്കെടുത്തത്.

മാങ്കൂട്ടത്തിലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിനാണ് ഇപ്പോൾ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനെതിരെ പാർട്ടിയിൽ പടയൊരുക്കം നടക്കുന്നത്. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ചെയർപേഴ്സൺ പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പങ്കെടുത്തത്. രാഹുലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. എന്നാൽ ബിജെപി ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്സൺ തന്നെ രാഹുലിനൊപ്പം പൊതു പരിപാടിയിൽ പങ്കെടുത്തത് മാങ്കൂട്ടത്തിൽ അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിലടക്കം ആഘോഷമാക്കി.

വെട്ടിലായ ബിജെപി ജില്ലാ നേതൃത്വം പ്രമീളയ്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് സംസ്ഥാന നേതൃത്വതോട് ആവശ്യപ്പെട്ടിരിക്കുന്നത്. അരുതാത്തത് സംഭവിച്ചെന്നും നഗരസഭാ ചെയർപേഴ്സൺ പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവൻ പറഞ്ഞു. ഏറെക്കാലമായി പാലക്കാട് ബിജെപിയിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി പൂർണമായും പിടിക്കാൻ സി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം കരുനീക്കുകയാണ്.

SCROLL FOR NEXT