KERALA

തുറമുഖങ്ങളില്‍ സേവന ഫീസുകള്‍ കുത്തനെ കൂട്ടി കേരള മാരിടൈം ബോര്‍ഡ്; പ്രതിഷേധം ശക്തമാക്കി കയറ്റുമതി ഏജന്‍സികള്‍

മാരിടൈം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സെയിലിംഗ് വെസല്‍ ഏജന്‍സ് ആന്റ് ഷിപ്പിംഗ് കോണ്‍ട്രാക്ടര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ശക്തമായി രംഗത്ത് വന്നു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ തുറമുഖങ്ങളിലെ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ച കേരള മാരിടൈം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തം. വിവിധ തൊഴിലാളി യൂണിയനുകളുമായി കൂടിയാലോചിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കയറ്റുമതി ഏജന്‍സികളുടെ തീരുമാനം.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ ഒഴികെയുള്ള കേരള മാരിടൈം ബോര്‍ഡിന് കീഴിലുള്ള തുറമുഖങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസാണ് വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുളളത്. 100 മുതല്‍ 300 ശതമാനം വരെയാണ് വര്‍ധന. ഇത് ചെറുകിട തുറമുഖങ്ങളുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് കരാറുകാര്‍ പറയുന്നു. മാരിടൈം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സെയിലിംഗ് വെസല്‍ ഏജന്‍സ് ആന്റ് ഷിപ്പിംഗ് കോണ്‍ട്രാക്ടര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ശക്തമായി രംഗത്ത് വന്നു.

വര്‍ധന കൂടുതല്‍ ബാധിക്കുക ബേപ്പൂര്‍ തുറമുഖത്തെയായിരിക്കുമെന്ന് സംഘടനകള്‍ പറയുന്നു. കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതും തിരിച്ച് തേങ്ങ ഉള്‍പ്പെടെയുള്ളവ കൊണ്ടുവരുന്നതും ബേപ്പൂര്‍ പോര്‍ട്ടിലൂടെയാണ്.

സാധാരണ നിലയില്‍ അഞ്ച് ശതമാനം മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് ഫീസ് വര്‍ധന ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ മുന്നൂറിരട്ടി വരെ വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണം.

എന്നാല്‍ ജീവനക്കാരുടെ വേതനം പരിഷ്‌ക്കരിക്കേണ്ട സാഹചര്യത്തിലാണ് എല്ലായിടത്തുമുള്ളതു പോലെയുള്ള ഫീസ് വര്‍ദ്ധന കേരളത്തിലും നടപ്പിലാക്കുന്നത് എന്നാണ് മാരിടൈം ബോര്‍ഡിന്റെ വിശദീകരണം. ഫീസ് വര്‍ധനവില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.

SCROLL FOR NEXT