ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിൽ മകന്റെ വിചിത്ര മൊഴി. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും പറഞ്ഞു വിട്ടെന്ന് പ്രതി അജീഷ് പൊലീസിന് മൊഴി നൽകി. തെളിവെടുപ്പിന് വീട്ടിൽ എത്തിച്ച പ്രതി അമ്മ എവിടെയെന്ന് തിരക്കി. എഴുകുംവയൽ സ്വദേശി ആന്റണി ഭാര്യ വത്സന്മ എന്നിവരെയാണ് പ്രതി കുത്തി കൊലപ്പെടുത്തിയത് .
എഴുകുംവയലിനെ നടുക്കിയ ക്രൂര കൊലപാതകം നടത്തിയ പ്രതി അജീഷിന്റെ വിചിത്ര മൊഴിയും ചെയ്തികളും. മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പള്ളിയിൽ മുൻപുണ്ടായിരുന്ന വൈദികന് അയച്ച് നൽകി. വൈദികൻ പൊലീസിലും പഞ്ചായത്തിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴാണ് പ്രതിയുടെ വിചിത്ര മറുപടി ഉണ്ടായത്. പൊലീസിനോടും അജീഷ് ഇത് ആവർത്തിച്ചു.
പ്രതിയെ ഇന്ന് തെളിവെടുപ്പിന് വീട്ടിൽ എത്തിച്ചപ്പോഴാണ് അമ്മ എവിടെയെന്ന് തിരക്കിയത് . വീട് അലങ്കോലമാണെന്നും. ഇത് തനിക്കിട്ടുള്ള പണിയാണെന്നും പ്രതി ഉറക്കെപ്പറഞ്ഞു.
അമ്മ വത്സമ്മയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി കത്തികൊണ്ട് പിതാവ് ആന്റണിയെയും ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചില്ല. ലഹരി വിമോചന കേന്ദ്രത്തിൽ ഇയാൾ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയിലാണ് അജീഷ് തിരികെ വീട്ടിൽ മടങ്ങിയെത്തിയത് . വീട്ടിൽ എത്തിയ ഇയാൾ സ്ഥിരം ബഹളമുണ്ടാക്കിയിരുന്നു.
ഇൻക്വസ്റ്റ് തയ്യാറാക്കി നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.