കണ്ണൂർ: നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിനെതിരെ പരാതിയുമായി അലുമ്നി അസോസിയേഷൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും, ആരോഗ്യ സർവകലാശാല രജിസ്ട്രാർക്കും കത്തയച്ചു.
ഡോക്ടർ റാമിൽ നിന്ന് സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പൂർവ വിദ്യാർഥികൾ വെളിപ്പെടുത്തി. വിദ്യാർഥികളെ സ്റ്റാഫ് റൂമുകളിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. പരാതികൾ നൽകിയപ്പോൾ അന്നത്തെ പ്രിൻസിപ്പൽ കുറ്റാരോപിതർക്കൊപ്പം നിന്നുവെന്നും പരാതി നൽകിയ വിദ്യാർഥികളോട് പ്രതികാരം ചെയ്തുവെന്നും പൂർവവിദ്യാർഥികൾ പറഞ്ഞു. ഇൻ്റേണൽ മാർക്ക് കുറയ്ക്കുകയും പ്രാക്ടിക്കൽ പരീക്ഷകളിൽ തോൽപ്പിക്കുകയും ചെയ്തെന്നും വിദ്യാർഥികൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാർഥികൾ കോളേജിൽ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞിരുന്നു. റാം ഒരു അധ്യാപകനല്ല മൃഗമാണ് എന്നും , പേടിച്ചിട്ടാണ് പരാതി പറയാത്തത് എന്നും വിദ്യാർഥികൾ പറഞ്ഞു. "ക്ലാസിൽ ബോഡി ഷേമിങ് നടത്താറുണ്ട്. നിതിനെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തിരുന്നുവെന്നും പേടിച്ചിട്ടാണ് പരാതികൾ പറയാതിരുന്നതെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു.
നിതിൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഡോ. റാം വിദ്യാർഥികളുടെ മുന്നിൽ വച്ച് നിതിനെ ഹരാസ് ചെയ്തിട്ടുണ്ട്. നിറത്തിന്റെ പേരിൽ കളിയാക്കാറുണ്ട്. മതപരമായ കാര്യങ്ങളും ബോഡി ഷെയ്മിങ്ങും മാത്രമാണ് ക്ലാസിൽ പറയുക. അറ്റൻഡൻസ് ചൂണ്ടിക്കാട്ടിയാണ് ഭീഷണി. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. നിതിൻ്റെ അമ്മയെക്കുറിച്ചും മോശമായി പറഞ്ഞിട്ടുണ്ട്. തന്നെയും അപമാനിച്ചിട്ടുണ്ടെന്ന് ആർച്ച വെളിപ്പെടുത്തി.
ചെരുപ്പിട്ട് വന്ന തന്നെ കോളനി എന്ന് വിളിച്ചുവെന്നും കാണാൻ ഗോത്ര വർഗക്കാരനെ പോലെയുണ്ടെന്ന് പരിഹസിച്ചുവെന്നും മറ്റൊരു വിദ്യാർഥി പറഞ്ഞിരുന്നു. സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമിച്ചുവെന്നും പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്ന് വിളിക്കുമെന്നും പെൺകുട്ടിയെ കറുത്ത പശുവെന്ന് വിളിച്ചു പരിഹസിച്ചുവെന്നും ക്ലാസിൽ വെച്ച് പൊട്ടിക്കരയാൻ പോലും പേടിച്ച കുട്ടി അധ്യാപകൻ പോയ ശേഷമാണ് കരഞ്ഞതെന്നും വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു.