റീമ, പിതാവ് മോഹനന്‍ Source: News Malayalam 24x7
KERALA

റീമയുടെ മരണം: ഫോണ്‍ റെക്കോർഡിങ്ങുകളും, അവസാന കുറിപ്പും കൈമാറി, എന്നിട്ടും നടപടിയില്ല; പൊലീസിനെതിരെ കുടുംബം

മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായില്ലെന്ന് കുടുംബം ആരോപിക്കുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പഴയങ്ങാടിയിൽ മൂന്നുവയസുകാരനായ മകനെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം . പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്ന് റീമയുടെ പിതാവ് മോഹനൻ പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ കുടുംബം പരാതി നൽകി.

വയലപ്രയിലെ എം.വി. റീമയുടെ മരണത്തിൽ ഭർത്താവിനും അമ്മയ്ക്കുമെതിരെ പഴയങ്ങാടി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. എന്നാൽ പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. ആത്മഹത്യാ കുറിപ്പിൽ ഭർത്താവ് കമൽ നാഥിനും അമ്മയ്ക്കുമെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നു. മരണം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനായില്ലെന്നും ഇവരെക്കുറിച്ചുള്ള വിവരം നൽകാൻ തങ്ങളോട് ആവശ്യപ്പെടുകയാണ് പൊലീസെന്നും റീമയുടെ പിതാവ് മോഹനൻ പറയുന്നു.

ജീവനൊടുക്കിയ ദിവസം എഴുതിയ പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ റീമ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിരുന്നു. ഭർത്താവിന്റെ അമ്മയ്ക്കും ഭർത്താവിനുമെതിരെ പാരാമർശങ്ങളുള്ള കുറിപ്പ് കുടുംബം പൊലീസിന് കൈമാറിയിരുന്നു. സ്വന്തം ഫോണിൽ റീമ കുറിച്ചിട്ട സന്ദേശവും, ഭർത്താവുമായുള്ള അഞ്ചിലേറെ ഫോൺ റെക്കോർഡിങ്ങുകളും അടക്കം തെളിവുകളെല്ലാം പൊലീസിന് കൈമാറിയെന്നും മോഹനൻ പറയുന്നു. എന്നിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, എം. വിജിൻ എംഎൽഎ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർക്ക് കുടുംബം പരാതി നൽകി.

SCROLL FOR NEXT