വിപഞ്ചിക, കുഞ്ഞ്, അമ്മ ഷൈലജ Source: News Malayalam 24X7
KERALA

വിപഞ്ചികയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കാന്‍ നീക്കം; ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ കത്തയച്ച് കുടുംബം

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും, മകളുടെയും മൃതദ്ദേഹങ്ങള്‍ അവിടെ തന്നെ സംസ്‌കരിക്കാന്‍ നീക്കം. മൃതദ്ദേഹങ്ങള്‍ നാട്ടിലേക്ക് വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ കത്ത് നല്‍കി. ഷാര്‍ജ സെമിത്തേരിയില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ ഉടന്‍ നിര്‍ത്തി വയ്ക്കണമെന്നും ഷൈലജയുടെ കത്തില്‍ പറയുന്നു. അമ്മ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ ഷാര്‍ജയിലാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവർ ഷാര്‍ജയില്‍ എത്തിയത്.

ഇസ്ലാമിക നിയമ പ്രകാരം കുഞ്ഞിന്റെ അവകാശം പിതാവിനാണ്. അതുകൊണ്ട് അവിടെ തന്നെ സംസ്‌കാര ചടങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിധീഷ് പൊലീസിനെ സമീപിച്ച് ഷാര്‍ജയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതുമായി മുന്നോട്ട് പോവുന്നതിനിടെയാണ് വിപഞ്ചികയുടെ അമ്മ കത്ത് നല്‍കിയത്. നിലവില്‍ മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പിതാവിന് നിലവില്‍ വിട്ടു നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കുഞ്ഞിന്റെയും വിപഞ്ചികയുടെയും മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നീക്കവുമായാണ് കുടുംബം മുന്നോട്ട് പോകുന്നത്. എന്നാല്‍ വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങളില്‍ നിധീഷിനെയും കുടുംബത്തെയും ഷാര്‍ജ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം സ്വദേശിനിയുടെയും മകളുടെയും ദുരൂഹമരണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. തുടരന്വേഷണത്തിന് നിയമോപദേശം തേടാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും ആലോചനയുണ്ട്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

വിപഞ്ചികയുടേയും കുഞ്ഞിന്റേയും മരണത്തില്‍ ഭര്‍ത്താവ് നിധീഷിനും വീട്ടുകാര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. നിധീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും നിധീഷിന്റെ അച്ഛന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം വ്യാഴാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ വിപഞ്ചികയേയും മകള്‍ വൈഭവിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമെന്ന് വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

SCROLL FOR NEXT