KERALA

"അധ്യാപകനെ ഭയന്ന് സ്കൂളിൽ പോകുന്നില്ല, ഉറക്കത്തിൽ പോലും ഭയന്ന് എഴുന്നേൽക്കുന്നു";ഗുരുതര ആരോപണവുമായി അഞ്ചാംക്ലാസുകാരിയുടെ കുടുംബം

അധ്യാപകൻ മർദിച്ചപ്പോൾ ഭയം കൊണ്ട് പെൺകുട്ടി ക്ലാസ്സ്‌ മുറിയിൽ മൂത്രമൊഴിച്ചു. അത്‌ ഗൗനിക്കാതെ അധ്യാപകൻ വീണ്ടും മർദിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് താമരശ്ശേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ ചുരലുകൊണ്ട് മർദ്ദിച്ചെന്ന പരാതിയിൽ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ പിതാവ്. കുട്ടി കടന്ന് പോകുന്നത് ഗുരുതര മാനസികാവസ്ഥയിലൂടെ ആണെന്ന് പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

രാത്രി ഉറങ്ങാനെ കഴിയുന്നില്ല.അധ്യാപകൻ മർദിച്ചപ്പോൾ ഭയം കൊണ്ട് പെൺകുട്ടി ക്ലാസ്സ്‌ മുറിയിൽ മൂത്രമൊഴിച്ചു. അത്‌ ഗൗനിക്കാതെ അധ്യാപകൻ വീണ്ടും മർദിച്ചു. 2 മണിക്കൂർ കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തി. അധ്യാപകനെ ഭയന്ന് കുട്ടി സ്കൂളിൽപോകുന്നില്ലെന്നും പിതാവ് പറഞ്ഞു.ഉറക്കത്തിൽ പോലും ഭയന്ന് എഴുന്നേൽക്കുന്ന അവസ്ഥയാണ്. അധ്യാപകൻ സ്വാധീനമുള്ളയാളാണെന്നും പരാതി പിൻവലിക്കാൻ പണം നൽകാം എന്ന് പറഞ്ഞ് നിരന്തരം ഫോൺ കോളുകൾ വരുന്നതായും പിതാവ് പറഞ്ഞു.

ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ഈങ്ങാപ്പുഴ എംജിഎം സ്കൂളിലെ അധ്യാപകനാണ് വിദ്യാർഥിനിയെ ചൂരൽ വടി കൊണ്ട് ക്രൂരമായി മർദിച്ചത്. വിദ്യാർഥിനിയെ മറ്റൊരു ക്ലാസിലേക്ക് വിളിച്ചുകൊണ്ടുപോയി വിദ്യാർത്ഥികൾക്ക് മുൻപിൽ വെച്ചായിരുന്നു മർദനം. അധ്യാപകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ചാണ് മർദിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും തുടർ നടപടി സ്വീകരിക്കുന്നില്ലെന്നും കുടംബം ആരോപിച്ചു. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് നേടിയിട്ടും, തുടർനടപടികൾ വൈകുകയാണ്. സ്കൂൾ മാനേജ്മെന്റും അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും കുടുംബം പറഞ്ഞു.

SCROLL FOR NEXT