തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ മധ്യവയസ്കൻ്റെ കാൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയതിൽ പ്രതികരിച്ച് കുടുംബം. രാജേന്ദ്ര പ്രസാദിൻ്റെ കാലിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറഞ്ഞു.
എൻ്റെ മകനാണ് അച്ഛൻ്റെ കൂടെ ആശുപത്രിയിൽ ഉണ്ടായിരുന്നത് എന്ന് രാജേന്ദ്ര പ്രസാദിൻ്റെ മകൾ പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയപ്പോൾ ബെഡിൽ വെള്ള പുഴുക്കളെ കണ്ടു. തുടർന്ന് അച്ഛൻ്റെ കാല് ഉയർത്തി നോക്കിയപ്പോൾ പുഴു തുടർച്ചയായി വീണു കൊണ്ടിരിക്കുകയായിരുന്നു എന്നും മകൾ പറഞ്ഞു.
അച്ഛൻ്റെ അവസ്ഥ മകൻ ചെന്ന് ഡോക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും വന്ന് നോക്കിയില്ല. വീണ്ടും ചെന്ന് പറഞ്ഞപ്പോൾ പുറത്തു ചെന്ന് മരുന്ന് വാങ്ങിയിട്ട് വരാൻ പറഞ്ഞുവിടുകയും ചെയ്തു. എന്നിട്ടും ആരും വന്നു നോക്കാത്തപ്പോൾ പ്രശ്നം ഉണ്ടാക്കി. ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ച് ദിവസമായി. പ്രശ്നം ഉണ്ടാക്കിയില്ലായിരുന്നു എങ്കിൽ ഡോക്ടർമാർ വന്ന് നോക്കില്ലായിരുന്നു എന്നും മകൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 28ന് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് കൊല്ലം പാരിപ്പിള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രാജേന്ദ്രൻ്റെ ഇടതു കാലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആദ്യം പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.