ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസു അന്തരിച്ചു. 68 വയസായിരുന്നു. വീട്ടില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎംസിടി മുക്കം ആശുപത്രിയില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൃതദേഹം മായനാട്ടെ വീട്ടിലേക്ക് മാറ്റി.
കേരളം കണ്ട പ്രഗത്ഭരായ ഫോറന്‍സിക് സര്‍ജന്മാരില്‍ ഒരാളാണ് അന്തരിച്ച ഷെര്‍ലി വാസു. നിരവധി പ്രമാദമായ കേസുകളില്‍ പൊലീസിനെ സഹായിച്ചു. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ജ. ഫാത്തിമാ ബീവി വനിതാ പുരസ്‌കാരം നല്‍കി ആദരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് 1979ല്‍ എംബിബിഎസും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡിയും നേടി. 1982 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അധ്യാപിക. 1996ല്‍ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ ഉപരിപഠനം.
ഫോറന്‍സിക് അനുഭവങ്ങളെഴുതിയ പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ ആണ് ഷെര്‍ലി വാസു.