കഴുതപ്പാലില്‍ നിന്ന് സോപ്പോ? സംശയിക്കേണ്ട, കഴുതപ്പാലില്‍ നിന്ന് മാത്രമല്ല, ഒട്ടകപ്പാലില്‍ നിന്നും സോപ്പ് നിര്‍മിക്കുന്നുണ്ട്. തിരുവനന്തപുരം നേമത്തെ ഒരു കര്‍ഷക കൂട്ടായ്മയാണ് സോപ്പ് നിര്‍മാണത്തിന് പിന്നില്‍. യന്ത്രസഹായമില്ലാതെ വീട്ടില്‍ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന സോപ്പിന് ആവശ്യക്കാരേറി വരികയാണ്.
ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമായി പറയപ്പെടുന്നത് കഴുതപ്പാലാണ്. നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലെങ്കിലും വിദേശരാജ്യങ്ങളില്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിന് വ്യാപകമായി കഴുതപ്പാല്‍ ഉപയോഗിക്കുന്നുണ്ട്.
വിദേശരാജ്യങ്ങളിലടക്കം വലിയ സാധ്യത മുന്നില്‍ കണ്ടാണ് കര്‍ഷക കൂട്ടായ്മയായ നേമം ജീവനി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ സോപ്പ് നിര്‍മാണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓര്‍ഗനൈസേഷന്റെ സെക്രട്ടറി സി.കെ. വിനോദ് മോഹന്റെ വീട്ടിലെ അടുക്കളയാണ് സോപ്പ് നിര്‍മാണ ഫാക്ടറി.
തൂത്തുക്കുടിയില്‍ നിന്ന് കഴുതപ്പാലും രാജസ്ഥാനില്‍ നിന്ന് ഒട്ടകപ്പാലും എത്തിക്കും. പാലും ഗ്ലിസറിനും ചേര്‍ത്ത ബേസ്, അതായത് ഈ കാണുന്ന ചതുരക്കട്ടയാണ് പ്രധാനം.
അടുപ്പില്‍ വെച്ച് അലിയിച്ചെടുക്കുന്ന ഈ മിശ്രിതത്തിലേക്ക് ചര്‍മ സംരക്ഷണത്തിനാവശ്യമായ ചേരുവകളും ചേര്‍ക്കും. പിന്നീട് അച്ചിലേക്ക്.... മൂന്നു ദിവസത്തിനുള്ളില്‍ സോപ്പ് വിതരണത്തിന് തയ്യാര്‍.
രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ നിര്‍മിക്കുന്ന സോപ്പുകളുടെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഓര്‍ഗനൈസേഷന്‍ പറയുന്നത്.. വിദേശ രാജ്യങ്ങളിലേക്കടക്കം കയറ്റി അയക്കാനുള്ള ശ്രമം തുടരുന്നുണ്ട്. വിപണിയില്‍ ഇപ്പോള്‍ തന്നെ ആവശ്യക്കാരുണ്ടെങ്കിലും, സോപ്പ് നിര്‍മാണം വലിയ ഫാക്ടറികളിലേക്ക് മാറ്റില്ല. അതിനും കാരണമുണ്ട്.
ഓണ്‍ലൈനില്‍ കഴുതപ്പാല്‍ സോപ്പിന്റെ വില മുന്നൂറ് രൂപ മുതലാണ്... എന്നാലിവിടെ 120 രൂപയ്ക്ക് ലഭിക്കും... ഈ സോപ്പുകള്‍ മാത്രമല്ല, താമര, ശംഖുപുഷ്പം, തുളസി, കറ്റാര്‍വാഴ എന്നിവയുടെ സോപ്പുകളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. നേമം ബ്ലോക്കിന് കീഴിലെ ഒന്‍പത് കൃഷിഭവനുകളില്‍ നിന്നായി മുന്നൂറോളം കര്‍ഷകരാണ് കൂട്ടായ്മയിലുള്ളത്.