KERALA

തുടരാൻ കേന്ദ്രാനുമതി ഇല്ല; ഇടുക്കിയിലെ അതിവേഗ പോക്സോ കോടതികൾ പ്രവർത്തനം അവസാനിപ്പിച്ചേക്കും

ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ പോക്സോ അതിവേഗ കോടതികളുടെ പ്രവർത്തനമാണ് തുലാസിൽ ആകുന്നത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: ജില്ലയിലെ അതിവേഗ പോക്സോ കോടതികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. മാർച്ചിൽ കാലാവധി അവസാനിക്കുന്ന കോടതികൾക്ക് തുടരാനുള്ള അനുമതി ഇതുവരെ ലഭ്യമായില്ല. ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ പോക്സോ അതിവേഗ കോടതികളുടെ പ്രവർത്തനമാണ് തുലാസിൽ ആകുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാൻ 2019 ലാണ് ഇടുക്കി ജില്ലയിൽ പോക്സോ കോടതികൾ ആരംഭിക്കുന്നത്. ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ മറ്റു കോടതികൾ പ്രവർത്തിക്കുന്ന സമുച്ഛയങ്ങളിലാണു പോക്സോ കോടതികളുടെ പ്രവർത്തനം.

നിർഭയ ഫണ്ട് മുഖേന കേന്ദ്രസർക്കാർ ആണ് 60 ശതമാനം ചിലവ് വഹിക്കുന്നത്. ഓരോ പോക്സോ കോടതികളിൽ ഒരു ജുഡീഷ്യൽ ഓഫീസർ ഉൾപ്പെടെ അഞ്ച് ജീവനക്കാരുണ്ട്. ഇതിൽ നാലുപേർ താത്ക്കാലിക ജീവനക്കാരാണ്. ഇടുക്കി അതിവേഗ പോക്സോ കോടതിയിൽ മാത്രം അൻപതിൽ ഏറെ കേസുകൾ ആണുള്ളത്. കോടതികളുടെ കാലാവധി മാർച്ച് 31 വരെയെങ്കിലും തുടരാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. പോക്സോ അതിവേഗ കോടതികൾ നിർത്തലാക്കിയാൽ ഇരകളായിട്ടുള്ള നൂറുകണക്കിന് പേർക്കാണ് നീതി വൈകുക. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉൾപ്പെടെ നടപടിയിൽ ആശങ്ക പങ്കുവെക്കുന്നു.

കോടതികൾ അവസാനിപ്പിച്ചാൽ കെട്ടിക്കിടക്കുന്ന കേസുകൾ ജില്ലാ കോടതിയിലേക്ക് മാറ്റാനാണ് നടപടി. തോട്ടം മേഖലകളിൽ ഉൾപ്പെടെ പോക്സോ കേസുകൾ നിരവധിയായി രജിസ്റ്റർ ചെയ്യപ്പെടുന്നതിനാൽ കൂടിയാണ് പോക്സോ അതിവേഗ കോടതികൾ ജില്ലയിൽ സ്ഥാപിച്ചത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ അതിവേഗം തീർപ്പുണ്ടയാൽ മാത്രമെ അതിജീവിതർക്ക് ജീവിതത്തെ അതിവേഗം തിരികെപ്പിടിക്കാനാകൂ.

SCROLL FOR NEXT