കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾ പിടിയിൽ. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. അച്ഛൻ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. മദ്യലഹരിയിലാണ് ഇയാൾ കുഞ്ഞിനെ ഇയാൾ മർദിച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. ഇത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന ലഭിച്ചിരുന്നു. പിന്നാലെ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. മകൾ തുടർച്ചയായി കരഞ്ഞത് മദ്യാസക്തിയിലായിരുന്ന ഷിജിന് ഇഷ്ടമായില്ല. ഇതേ തുടന്നായിരുന്നു മർദനവും കൊലപാതകവും.
ഭർത്താവ് നിരന്തരം കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ അഞ്ജന പൊലീസിന് മൊഴി നൽകി. മർദന വിവരം മറച്ചുവച്ചു എന്ന കുറ്റത്തിനാണ് മാതാവിനെ പ്രതി ചേർത്തത്. അഞ്ജന പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയിൽ മർദന വിവരം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതാണ് കൊലപാതക കാരണമെന്ന് പറഞ്ഞിരുന്നില്ല.