KERALA

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം: മകള്‍ക്കും അമ്മയ്ക്കും പിന്നാലെ അച്ഛനും മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍

ഇളയ മകന്‍ അലന്‍ (12) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Author : ന്യൂസ് ഡെസ്ക്

കോട്ടയത്ത് മക്കള്‍ക്ക് വിഷം നല്‍കിയശേഷം, ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മരണം മൂന്നായി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് സ്വദേശി തോമസ് എബ്രഹാമാണ് (ജോബി-50) ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആദ്യം മകൾ മരിയ തെരേസയും (16), പിന്നാലെ ഭാര്യ ജോസ്‌നയും (42) മരിച്ചിരുന്നു. മകന്‍ അലന്‍ (12) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയാണ് കുടുംബം വിഷം കഴിക്കാൻ കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജ്യോസ്‌നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്ക് മറ്റപ്പള്ളി ശാഖയിലെ ചിട്ടിയുടെ വിവരങ്ങൾ ശേഖരിച്ചു. ദമ്പതികളുടെ വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് നാലുപേരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ജോസ്‌നയുടെ സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിനു സമീപത്തുനിന്ന് കളനാശിനിയുടെ കുപ്പിയും കണ്ടെത്തിയിരുന്നു. വീട് പൂട്ടിയ നിലയിലായിരുന്നതിനാൽ പിൻവാതിൽ ചവിട്ടിത്തുറന്നാണ് നാലുപേരെയും ആശുപത്രിയിലാക്കിയത്. ഇളയ മകന്‍ അലനെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും മറ്റു മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT