വയനാട്: മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ പാറക്കൽ മദ്യപിച്ച് വാഹനമോടിച്ച് യുവാക്കളെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. യുവാക്കൾ നിലത്തു വീണിട്ടും വൈദികൻ വാഹനം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
അപകടത്തിൽ രണ്ട് ആദിവാസി യുവാക്കൾക്ക് പരിക്കേറ്റിരുന്നു . പൊലീസാണ് വാഹനം തടഞ്ഞതെന്നും കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നതായും പരിക്കേറ്റ ബൈക്ക് യാത്രികൻ ന്യൂസ് മലയാളത്തോട് വ്യക്തമാക്കിയിരുന്നു.
വയനാട് കാട്ടിക്കുളം പനവല്ലി റോഡിൽ കഴിഞ്ഞ ജൂലൈ 10ന് രാത്രി 11.39 നായിരുന്നു അപകടം. ഫാദർ നോബിൾ പാറക്കൽ ഓടിച്ച വാഹനം, കാട്ടിക്കുളം ജംഗ്ഷനിൽവെച്ച് രണ്ട് ആദിവാസി യുവാക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിർത്താതെ പോയ കാർ ടൗണിലെ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് തടഞ്ഞത്. സംസാരത്തിനിടെ മദ്യത്തിന്‍റെ ഗന്ധം അനുഭവപ്പെടുകയും, ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചതോടെ വൈദികനെതിരെ തിരുനെല്ലി പൊലീസ് കേസെടുത്തു. അപകടത്തിൽ പരിക്കേറ്റ യുവാക്കളെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കാർ ഓടിച്ചയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി പരിക്കേറ്റ ബൈക്ക് യാത്രികൻ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു .
മദ്യലഹരിയിൽ അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിലും വാഹനം ഓടിച്ചതിനാണ് ഫാദർ നോബിൾ പാറക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഫാദർ പിഴയടയ്ക്കുകയും ചെയ്തു. സമൂഹ്യമാധ്യമങ്ങളിൽ എഫ്ഐആർ പ്രചരിച്ചതോടെ ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പുമായും വൈദികന്‍ രംഗത്ത് എത്തിയിരുന്നു. മദ്യപിക്കുന്ന ശീലം തനിക്കില്ലെന്നും എഫ്ഐആറിനെക്കുറിച്ച് വിശദീകരണം നൽകുന്നതിന് സാങ്കേതിക തടസങ്ങളുണ്ടെന്നുമായിരുന്നു പോസ്റ്റ്. മാനന്തവാടി രൂപതയിലെ വൈദികനായ നോബിൾ പാറക്കല്‍ സിറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അംഗം കൂടിയാണ്. വൈദികനെതിരെ രൂപത നടപടി എടുക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.