ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരി എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രതി ജോസ് മോൻ പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ ഒരു മുറിവ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എയ്ഞ്ചലിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയായിരുന്നു.
വളരെ നാളുകളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു എയ്ഞ്ചൽ. അതിനാൽ ഭർത്താവുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലായിരുന്നു കുടുംബം. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി ജോസ് മോൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് മണ്ണന്തല പൊലീസ്.