കോഴിക്കോട്: അനൗൺസ്മെൻ്റ് വിവാദത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് പേരാമ്പ്ര യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ. അനൗൺസ്മെൻ്റിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന റിപ്പോർട്ട് എന്തടിസ്ഥാനത്തിലാണ് എന്നും, എന്നുമുതലാണ് എൽഡിഎഫിന് ജമാഅത്തെ ഇസ്ലാമിയോട് അയിത്തം തുടങ്ങിയതെന്നും ഫാത്തിമ തഹ്‌ലിയ ചോദിച്ചു. ചങ്ങരോത്ത് പഞ്ചായത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ കൺവെൻഷൻ പരിപാടി ഷെഡ്യൂളിൽ ഇല്ലായിരുന്നു എന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.
"നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്" എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നായിരുന്നു എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് അനൗൺസ്‌മെൻ്റ്. മതഏകീകരണത്തിൻ്റെ ചിന്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നത് എന്നുമായിരുന്നു അനൗൺസ്‌മെൻ്റ്.
ലീഗിൻ്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോൽപ്പിക്കണമെന്നും അനൗൺസ്‌മെൻ്റിൽ പറഞ്ഞിരുന്നു. ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്.
അതേസമയം, പേരാമ്പ്രയിലെ എൽഡിഎഫ് വിവാദ അനൗൺസ്മെൻ്റിൽ ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മാതൃക പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിംഗ് സ്ക്വാഡ് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർഥിക്കെതിരായ പരാതിയിൽ പരിശോധന നടക്കുകയാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി.
അനൗൺസ്മെൻ്റ് വിവാദത്തിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. യുഡിഎഫിൻ്റേത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന വൃത്തികെട്ട നിലപാടാണ്. എൽഡിഎഫ് അംഗീകരിച്ച അനൗൺസ്മെൻ്റ് അതല്ലെന്നും എൽഡിഎഫ് ഉപയോഗിക്കുന്ന അനൗൺസ്മെൻ്റിൻ്റെ പകർപ്പ് ഹാജരാക്കുമെന്നും ടി.പി. ന്യൂസ് മലയാളം ഇലക്ഷൻ ട്രാവലറിൽ വ്യക്തമാക്കിയിരുന്നു.